കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കൽ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതായി ക്രൈംബ്രാഞ്ചിന് മൊഴി. പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് മൊഴി നൽകിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഈ കേസിൽ പരാതി നൽകിയ പെണ്‍കുട്ടിയാണ് മോന്‍സണിന്റെ വീട്ടിലെ ഒളിക്യാമറയെക്കുറിച്ച് അന്വേഷണ സംഘത്തിന് മൊഴിനൽകിയത്.
മോന്‍സണിന്റെ കലൂരിലെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ നിരവധി ഒളി ക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെതടക്കം ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു. ഭീഷണി ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നൽകി.
മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മോന്‍സണിന്റെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി.