ന്യൂഡൽഹി: ആഗോള താപനം ഇന്ത്യക്കാരുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയാണെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ‘ദ ലാൻസെറ്റ് ‘ .
വർദ്ധിക്കുന്ന ചൂടിന്റെ ഇരകളാകുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് ‘ലാൻസെറ്റ് കൗണ്ട്ഡൗൺ ഓൺ ഹെൽത്ത് ആന്റ് ക്ലൈമറ്റ് ചേഞ്ച്’ റിപ്പോർട് വ്യക്തമാക്കുന്നു.
റിപ്പോർടനുസരിച്ച്, 1990 -നെ അപേക്ഷിച്ച് ഇന്ത്യക്കാർ 15% കൂടുതൽ ചൂടിന്റെ ഇരകളാകുന്നു.
2018 നും 2019 നും ഇടയിൽ ഇന്ത്യയും ബ്രസീലും താപവുമായി ബന്ധപ്പെട്ട മരണനിരക്കിൽ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തി.
“കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള മനുഷ്യരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായി ഞങ്ങൾ തിരിച്ചറിയുന്നു,” ലാൻസെറ്റ് കൗണ്ട്ഡൗൺ എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി കോസ്റ്റെല്ലോ പ്രസ്താവനയിൽ പറഞ്ഞു.
“കോവിഡ് -19 പ്രതിസന്ധിയോടൊപ്പം തന്നെ കാലാവസ്ഥാ പ്രതിസന്ധിയും വർദ്ധിക്കുകയാണ്. കൂടുന്ന ചൂടുമൂലം ദശലക്ഷക്കണക്കിന് കർഷകർക്കും നിർമാണ തൊഴിലാളികൾക്കും വരുമാനം നഷ്ടപ്പെട്ടേക്കാം. വരൾച്ച മുമ്പത്തേക്കാൾ കൂടുതൽ വ്യാപകമാണ്. കാട്ടുതീയും വർദ്ധിക്കുകയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

