കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ആർമി ഓഫിസറും സൈനികനുമാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. 11/10/2021 തിങ്കളാഴ്ച ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തിൽപെട്ടവർ തന്നെയാണ് ഈ ആക്രമണത്തിനും പിന്നിലെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിൽ ഒരു മലയാളിയുൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
മെൻധാർ സബ് ഡിവിഷനിലെ നാർ ഖാസ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഭീകരവാദികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
അതിർത്തി കടന്നെത്തിയ മൂന്നോ നാലോ ഭീകരർ പ്രദേശത്തുണ്ടെന്നാണ് സംശയിക്കുന്നത്. ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസമായി ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വിവേക് ഗുപ്ത പറഞ്ഞു. ഭീകരർക്കായിട്ടുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

