ആര്യന്‍ ഖാന്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

മുംബെ: രാജ്യാന്തര മയക്കുമരുന്ന് സംഘവുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്നും, മയക്കുമരുന്ന് കടത്തലിലെ കണ്ണിയാണെന്നും എന്‍.സി.ബി കോടതിയില്‍ അറിയിച്ചു.

സ്‌പെഷ്യല്‍ ജഡ്ജ് വി.വി. പാട്ടീലിന് മുന്‍പിലായിരുന്നു എന്‍.സി.ബി ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പലരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നതായും എന്‍.സി.ബി കൂട്ടിച്ചേര്‍ത്തു.

‘കൃത്യമായ അന്വേഷണങ്ങള്‍ക്കാവശ്യമായ സമയം വേണം. രാജ്യാന്തര ബന്ധങ്ങള്‍ അന്വേഷിക്കാന്‍ ഉചിതമായ ചാനലുകളിലൂടെ അന്വേഷിക്കണം,’ എന്‍.സി.ബി പറഞ്ഞു. ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും പ്രഥമാ ദൃഷ്ട്യാ ആര്യന് ഇവരുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ടെന്നും എന്‍.സി.ബി കൂട്ടിച്ചേര്‍ത്തു.

എന്‍.സി.ബിയുടെ വാദം അസംബന്ധമാണെന്നാണ് ആര്യന്റെ അഭിഭാഷകന്‍ അമിത് ദേശായി പറഞ്ഞത്. ആര്യന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയില്ല. ‘അവര്‍ കൊച്ചുകുട്ടികളാണ്. മറ്റു പല രാജ്യങ്ങളിലും ഇവ നിയമപരമായി ഉപയോഗിക്കാവുന്നതാണ്. അവര്‍ ആവശ്യത്തിലധികം അനുഭവിച്ചു കഴിഞ്ഞു,’ ദേശായി കോടതിയില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →