നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ തലേദിവസം നിയമസഭയില്‍ തങ്ങിയിരുന്നതായി സിജെഎം കോടതി പരാമര്‍ശം

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വിശിവന്‍കുട്ടിയുള്‍പ്പടെ ആറ്‌ എല്‍ഡിഎഫ്‌ നേതാക്കളുടെ വിടുതല്‍ ഹര്‍ജി തളളിയ കോടതിയുത്തരവിന്‍റെ വിശദാംശങ്ങള്‍ പുറത്ത്‌. കേസിലെ പ്രതികള്‍ തലേദിവസമേ നിയമ സഭയില്‍ തങ്ങിയിരുന്നുവെന്നും അതിനാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ ദുരുദ്ദേശം ഇല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഡിവിഡി ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന്‌ ഫോറന്‍സിക്ക്‌ റിപ്പോര്‍ട്ടുണ്ടെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം സിജെഎം കോടതിയിലെ ഉത്തരവിലെ പരാമര്‍ശമാണ്‌ പുറത്തുവന്നിരിക്കുന്നത്‌.

ഡിവിഡിയില്‍ നിന്നു ലഭിച്ച തെളിവുകളും സാക്ഷി മൊഴികളും പ്രതികള്‍ കുറ്റം ചെയ്‌തുവെന്ന്‌ വ്യക്തമാക്കുന്നുവെന്നും കോടതി പറഞ്ഞു. ഡിവിഡി നിയമ സഭാ സെക്രട്ടറി നേരിട്ടുകൈമാറിയില്ല. നിയമസഭയിലെ ഇലക്ട്രോണിക്ക്‌ വിഭാഗം അസി. എഞ്ചിനീയര്‍ പകര്‍പ്പാണ്‌ നല്‍കിയത്‌. ഇത്‌ വ്യാജമല്ലെന്ന ഫോറന്‍സിക്ക്‌ റിപ്പോര്‍ട്ടുണ്ടെന്നും സിജെഎം കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നു.

ബാര്‍ കോഴക്കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ്‌ അവതരണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ്‌ ഇന്ന്‌ നിര്‍ണായക ഉത്തരവുണ്ടായത്‌. പ്രതികള്‍ വിചരണ നേരിടണമെന്നാവശ്യപ്പെട്ട് സിജെഎം കോടതി 22 ന്‌ നേരിട്ട് ഹാജ രാകാനും നിര്‍ദ്ദേശിച്ചു. ദുരുദ്ദേശത്തോടെയാണ്‌ പ്രതികള്‍ പൊതുമുതല്‍ നശിപ്പിച്ചതെന്ന്‌ കോടതി ഉത്തരവില്‍ പറയുന്നു. വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ,മുന്‍ മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍, എംഎല്‍ എ മാരായ സികെ സദാശിവന്‍, കുഞ്ഞഹമ്മദ്‌ മാസ്‌റ്റര്‍, കെഅജിത്‌ എന്നിവരാണ്‌ കേസിലെ പ്രതികള്‍.

പൊതുമുതല്‍ നശിപ്പിച്ചതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തതാണെന്നും വാച്ച്‌ആന്‍റ് വാര്‍ഡന്മാരായി ഉന്തും തളളും മാത്രമാണ്‌ ഉണ്ടായതെന്നുമായിരുന്നു വിടുതല്‍ ഹര്‍ജിയിലെ നേതാക്കന്മാരുടെ വാദങ്ങള്‍ . ആറുപ്രതികളും 2021 നവംബര്‍ 22ന്‌ ഹാജരാകണമെന്ന്‌ കോടതി വ്യക്തമാക്കി. വിചാരണ നടപടികളിലേക്ക്‌ കടക്കുന്നതി്‌നു മുമ്പായി പ്രതികളെ അന്നേദിവസം കുറ്റപത്രം വായിച്ചുേേകള്‍പ്പിക്കും. പ്രതികള്‍ നേരിട്ട്‌ ഹാജരായി കുറ്റപത്രം വായിച്ചുകേട്ടാല്‍ വിചാരണ നടപടികളിലേക്ക്‌ കോടതി കടക്കും.

സിജെഎം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമോയെന്ന കാര്യത്തില്‍ ഇടതുനേതാക്കള്‍ പ്രതികരിച്ചില്ല. 2015 മാര്‍ച്ച്‌ 13ന്‌ നിയമസഭയിലുണ്ടായ കയ്യാങ്കളിക്കിടെ രണ്ടുലക്ഷിലധികം രൂപയുടെ നഷ്ടം സംഭവിച്ചവെന്നാണ്‌ കേസ്‌. കേസ്‌ പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തളളിയ സുപ്രീം കോടതി വിചാരണ നേരിടാന്‍ പ്രതികളോട്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →