കര്‍ഷകരെ ഭയപ്പെടുത്താന്‍ നോക്കരുത് ; ബി ജെ പി യെ വെട്ടിലാക്കി വീണ്ടും വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെയും ബി.ജെ.പി നേതൃത്വത്തെയും വീണ്ടും വെട്ടിലാക്കി വരുണ്‍ ഗാന്ധി എം.പി. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വരുണ്‍ വ്യക്തമാക്കുന്നത്.

വലിയ ഹൃദയമുള്ള നേതാവിന്റെ വിവേകമുള്ള വാക്കുകള്‍ എന്ന കുറിപ്പോടെയാണ് വരുണിന്റെ ട്വീറ്റ്.

‘കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത് … കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക പ്രസ്ഥാനത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണക്കുന്നു, സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ അല്ലെങ്കില്‍ കര്‍ഷകരുടെ സമാധാനപരമായ പ്രസ്ഥാനത്തെ അവഗണിക്കാനോ ശ്രമിക്കുകയാണെങ്കില്‍, ഞങ്ങളും അവരുടെ (കര്‍ഷകരുടെ) മുന്നേറ്റത്തിന്റെ ഭാഗമാകും,’ എന്നാണ് പ്രസംഗത്തില്‍ വാജ്‌പേയ് പറയുന്നത്.

കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്‌ക്കെതിരേയും വരുണ്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നാണ് വരുണ്‍ പറഞ്ഞത്.

Share
അഭിപ്രായം എഴുതാം