തിരുവനന്തപുരം: മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ ലഭ്യമാക്കും : മന്ത്രി വീണാ ജോർജ്

*അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പാക്കാം: ഒക്ടോബർ 10 ലോക മാനസികരോഗ്യ ദിനം
തിരുവനന്തപുരം: മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കുക എന്നത് പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ‘അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം’ എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിന സന്ദേശം. ഒന്നേമുക്കാൽ വർഷത്തിലധികമായി ലോകം ഒന്നാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുകയാണ്. കോവിഡ് എല്ലാ മേഖലയേയും ബാധിച്ചിട്ടുണ്ട്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുൻകരുതലുകളും എടുക്കുമ്പോൾ മാനസികാരോഗ്യം അവഗണിക്കപ്പെടാൻ ഇങ്ങനെയൊരു സാഹചര്യത്തിൽ സാധ്യതയേറെയാണ്. ഇത് മുന്നിൽ കണ്ട് നടപടികൾ സ്വീകരിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കാൻ കേരളം പരിശ്രമിക്കുകയാണ്. ഈ രംഗത്ത് സംസ്ഥാനം ഏറെ മുൻപന്തിയിലാണ് ഉള്ളത്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി. ഇതുവഴി സംസ്ഥാനത്ത് 291 മാനസികാരോഗ്യ ക്ലിനിക്കുകൾ മാസം തോറും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി നടത്തി വരുന്നു. ഇതിലൂടെ നാൽപതിനായിരത്തിലധികം രോഗികൾക്ക് ചികിത്സയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഇതിനു പുറമേ മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കുന്നതിനായി ആർദ്രം മിഷന്റെ ഭാഗമായി ‘സമ്പൂർണ മാനസികാരോഗ്യം’, ‘ആശ്വാസം’, ‘അമ്മ മനസ്’, ‘ജീവരക്ഷ’ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

സമ്പൂർണ മാനസികാരോഗ്യ പദ്ധതി ഇതുവരെ 376 ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കിയത് വഴി പതിനെണ്ണായിരത്തോളം പേരെ പുതുതായി കണ്ടെത്തി ചികിത്സയിലേയ്ക്ക് എത്തിക്കുവാൻ കഴിഞ്ഞു. ഇവർക്ക് തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ തന്നെ ചികിത്സയും മറ്റ് സേവനങ്ങളും ലഭ്യമാക്കി വരുന്നു. കോവിഡ് 19 വ്യാപനത്തിൽ മാനസിക സാമൂഹിക പിന്തുണയ്ക്കായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ സർക്കാർ നൽകി വരുന്നു. ഇതുവരെ എല്ലാ വിഭാഗത്തിലുമായി ഒന്നേകാൽ കോടിയിലധികം (1,26,26,854) സൈക്കോ സോഷ്യൽ സപ്പോർട്ട്/ കൗൺസിലിംഗ് കോളുകൾ ടീം സംസ്ഥാനമൊട്ടാകെ നൽകി കഴിഞ്ഞു.

ആദിവാസി മേഖലകളിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ട്രൈബൽ മെന്റൽ ഹെൽത്ത് പരിപാടിയും നടപ്പിലാക്കിയിട്ടുണ്ട്. ലഹരി വസ്തുകളുടെ ഉപയോഗം, കൗമാരക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
ആരോഗ്യ വകുപ്പിന്റെ കീഴിൽ 19 ലഹരി വിമോചന കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ ആരോഗ്യ വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ കീഴിൽ 14 ലഹരി വിമോചന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇതിനു പുറമേ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 291 ക്ലിനിക്കുകളിലൂടെയും ലഹരി വിമോചന ചികിത്സ ലഭ്യമാക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →