ലഖ്നോ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ അന്വേഷണം നടത്തുന്ന ഉത്തര്‍പ്രദേശ് ലഖിംപൂറിലെ ക്രൈംബ്രാഞ്ചിന് മുമ്പാകെയാണ് ആശിഷ് മിശ്ര ഹാജരായത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ശനിയാഴ്ച രാവിലെ 10.40 ഓടെ ആശിഷ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച പുതിയ സമന്‍സ് പോലിസ് ആശിഷിന് നല്‍കിയിരുന്നു. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ട് വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആശിഷ് മിശ്രയെ വെള്ളിയാഴ്ച പോലിസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര പറഞ്ഞു. ഞങ്ങള്‍ക്ക് നിയമത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. എന്റെ മകന്‍ നിരപരാധിയാണ്. മൊഴി രേഖപ്പെടുത്താന്‍ അദ്ദേഹം ശനിയാഴ്ച പോലിസിന് മുന്നില്‍ ഹാജരാവുമെന്നാണ് വെള്ളിയാഴ്ച ലഖ്നോവിലെത്തിയ കേന്ദ്ര മന്ത്രി അജയ് മിശ്ര പ്രതികരിച്ചത്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും.

