ന്യൂഡൽഹി: കുറ്റകൃത്യങ്ങളും അവയുടെ അന്വേഷണങ്ങളും റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഡൽഹി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.സുശാന്ത് സിംഗ് രാജ്പൂത്തിൻറെ മരണത്തെ തുടർന്ന് ഉടലെടുത്ത വാർത്താ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഹമ്മദ് ഖലീൽ എന്നൊരാൾ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ചലച്ചിത്രതാരമായിരുന്നു സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് പുറത്തു വന്ന വാർത്തകളും കേസന്വേഷണങ്ങളും സംബന്ധിച്ച വിവാദങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകപ്പെട്ടത്. ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾ സുശാന്ത് സിംഗ് രാജ്പൂത്തിന്റെ മരണവും അന്വേഷണങ്ങളും റിപ്പോർട്ട് ചെയ്തതിൽ നിരവധി മാധ്യമങ്ങൾ സെൻസേഷനിലിസം കൊണ്ടുവന്നു എന്ന് കണ്ടെത്തിയിരുന്നു. പ്രസ് കൌണസ്ൽ ഓഫ് ഇന്ത്യയുടെ മാതൃക പെരുമാറ്റങ്ങൾ ലംഘിച്ചുകൊണ്ടാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് എന്ന് പ്രൈസ് കൗൺസിൽ വിലയിരുത്തിയതും പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെ അത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ കോടതിയിൽ നിന്ന് ഉണ്ടാകണം എന്നായിരുന്നു അപേക്ഷ.
ഇത്തരം നിയന്ത്രണങ്ങളും ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും മാധ്യമങ്ങൾക്ക് നൽകുന്നത് നയപരമായ കാര്യമാണെന്നും എന്നും അതിനായി അനുയോജ്യമായ സ്ഥാപനങ്ങളെ പരാതിക്കാരന് സമീപിക്കാമെന്നും നിരീക്ഷിച്ചുകൊണ്ട് കോടതി വിധി പറയുകയായിരുന്നു.

