ചണ്ഡീഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവും മൂന്ന് പഞ്ചാബ് മന്ത്രിമാരും സഹറന്‍പുരില്‍ പൊലീസിന്റെ കസ്റ്റഡിയില്‍.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിദ്ദുവിന്റെ നേതൃത്വത്തില്‍ പഞ്ചാബ് മുതല്‍ ലഖിംപൂര്‍ വരെ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അതേസമയം അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ 07/10/21 വെള്ളിയാഴ്ച മുതല്‍ നിരാഹര സമരം ആരംഭിക്കുമെന്ന് സിദ്ദു പറഞ്ഞു. ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച അറസ്റ്റ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ലഖിംപുരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലവ് കുശ്, ആശിഷ് പാണ്ഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

