ന്യൂ ഡല്‍ഹി : നയതന്ത്ര ബാഗേജിലൂടെയുളള സ്വര്‍ണ കളളക്കടത്തുകേസിലെ പ്രതി കെടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരെ സഹോദരന്‍ കെടി റൈഷാദ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി.. ജസ്റ്റീസ്‌മാരായ എഎം ഖാന്‍വില്‍ക്കര്‍ ,ദിനേശ് മഹേശ്വരി, സിടി രവികുമാര്‍, എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തളളിയത്. റമീസ് ജുഡീഷ്യല്‍ കസ്‌റ്റഡിയിലായതിനാല്‍ കരുതല്‍ തടങ്കല്‍ നിയമ വിരുദ്ധമാണെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.
തീവ്രവാദിയെന്ന് പ്രഖ്യാപിതക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതം നടത്തിച്ചതെന്ന് റമീസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മനോജ് ജോര്‍ജ് കോടതിയെ അറിയിച്ചു. യുയെഇയുമായുളള രാജ്യാന്തര ഉടമ്പടി പാലിക്കുന്നതിന്റെ ഭാഗമായാണ് കളളക്കടത്തു സംഘത്തിന്റെ ഭാഗമായ അറ്റാഷേക്കെതിരെ നടപടിയെടുക്കാത്തത്. നയതന്ത്ര പരിരക്ഷയുളള സഹകുറ്റവാളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാക്കാരനായ റമീസിനെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് കളളക്കടത്തുകേസില്‍ പ്രതിയായ റമീസിനെ കൊഫെ പോസ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കാന്‍ കഴിഞ്ഞ നവംബറില്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ റൈഷാദ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. കസ്‌റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലഭിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച കരുതല്‍ തടങ്കല്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടിയാണ് റൈഷാദ് സുപ്രീം കേടതിയെ സമീപിച്ചത്.

