ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിനെതിരേ നടന്ന അക്രമത്തില്‍ മാധ്യമ പ്രവര്‍ത്തകനായ രമണ്‍ കശ്യപ് കൊല്ലപ്പെട്ടതില്‍ സ്വമേധയാ കേസെടുത്ത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കേസിന്റെ വസ്തുതകളെക്കുറിച്ച് റിപ്പോര്‍ട്ടും പ്രസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനായാണ് രമണ്‍ കശ്യപ് സ്ഥലത്തെത്തിയത്. പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനമോടിച്ച് കയറ്റിയതിന്റെ വീഡിയോ ചിത്രീകരിച്ചത് രമണ്‍ കശ്യപായിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കാണാതാവുകയായിരുന്നു.
പരിസരത്തുള്ള ആശുപത്രിയുടെ മോര്‍ച്ചറിയില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് മൃതദേഹം ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘അവന്‍ ചെയ്തത് മാധ്യമപ്രവര്‍ത്തകന്റെ കടമയാണ്. തിരിച്ചറിയാത്ത ഒരു മൃതദേഹമുണ്ടെന്ന് പറഞ്ഞ് എനിക്ക് പുലര്‍ച്ചെ 3 മണിക്ക് ഒരു ഫോണ്‍കോള്‍ വന്നു. മോര്‍ച്ചറിയിലേക്ക് പോയപ്പോള്‍ അത് എന്റെ മകനായിരുന്നു,” എന്നാണ് രമണ്‍ കശ്യപിന്റെ അച്ഛനായ റാം ദുലാരി മകന്റെ മരണത്തെക്കുറിച്ച് പറഞ്ഞത്.
അതേസമയം രമണിന്റെ ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ടെന്നും റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
‘മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ മരണം അധികാരികള്‍ കൃത്യമായ രീതിയില്‍ അന്വേഷിക്കണം. അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയും അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും വേണം.
വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിലുള്ള അവസ്ഥ ഒരിക്കലും വരാന്‍ പാടില്ല. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ അധികാരികള്‍ ഇനിയെങ്കിലും കൈക്കൊള്ളണം,’ കമ്മിറ്റി ടു പ്രൊടക്ട് ജേര്‍ണലിസ്റ്റിന്റെ ഏഷ്യന്‍ കോര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറഞ്ഞു.

