തിരുവനന്തപുരം: മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന് സര്‍ക്കാര്‍. ബാങ്ക് മുന്‍ സെക്രട്ടറി വികെ ഹരികുമാറിന് അടക്കം വ്യാജ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടെന്നും രണ്ടര കോടിയിലധികം രൂപയുടെ അനധികൃത വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും സഹകരണ മന്ത്രി വി.എന്‍ വാസവന്‍ 05/10/21 ചൊവ്വാഴ്ച നിയമസഭയില്‍ അറിയിച്ചു.
കരുവന്നൂര്‍ ബങ്ക് തട്ടിപ്പില്‍ കുറ്റക്കാരായ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സഹകരണ മേഖലയെ ദുര്‍ബലമാക്കുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.
‘എആര്‍ നഗര്‍ ബാങ്കില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലൂടെ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു. ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടെയും പേരില്‍ അനധികൃത നിക്ഷേപങ്ങളുണ്ട്. ഒരാളുടെ പേരില്‍ വിവിധ കസ്റ്റമര്‍ ഐഡികള്‍ കണ്ടെത്തി.
257 ബാങ്ക് ഐഡിയില്‍ അക്കൗണ്ട് ഉള്ളതായി കാണുന്നില്ല. ഇടപാടുകളില്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. 2.66 കോടിയുടെ അനധികൃത വായ്പകള്‍ നല്‍കിയതായും കണ്ടെത്തി. ക്രമക്കേടുകള്‍ക്ക് പിന്നില്‍ മുന്‍ ബാങ്ക് സെക്രട്ടറി ഹരികുമാര്‍ ഉള്‍പ്പെടെയുള്ളവരാണ്.
അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ നിലവില്‍ അന്വേഷണം നടക്കുന്നില്ലെന്നും സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചു.

