ലഖിംപുര്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ തടഞ്ഞും അറസ്റ്റ് ചെയ്തും യുപി പോലീസ്

ലഖ്നൗ/ന്യൂഡല്‍ഹി: ലഖിംപുര്‍ സന്ദര്‍ശിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കും ഇതരസംസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍ക്കും യു.പി. പോലീസ് അനുമതി നിഷേധിച്ചു. ലഖിംപുരിലേക്കു പുറപ്പെട്ട സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ പോലീസ് വീടിനു മുന്നില്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് അഖിലേഷും സംഘവും വീടിനുമുന്നില്‍ പോലീസിനെതിരേ പ്രതിഷേധം നടത്തി. ബി.എസ്.പി. നേതാവ് എസ്.സി. മിശ്ര, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണു റിപ്പോര്‍ട്ട്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ഉപമുഖ്യമന്ത്രി സുഖ്ജിന്തര്‍ സിങ് രണ്‍ധാവ, ബി.എസ്.പി. നേതാവ് മായാവതി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ എന്നിവര്‍ക്കും ലഖിംപുര്‍ഖേരി സന്ദര്‍ശിക്കാന്‍ യു.പി. പോലീസ് അനുമതി നിഷേധിച്ചു. നേരത്തെ സംഘര്‍ഷമേഖലയും മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പോലീസ് വഴിയില്‍ തടഞ്ഞ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തിരുന്നു. ലഖിംപുര്‍ സന്ദര്‍ശിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ അവിടേക്കു പോകരുതെന്നു യു.പി. പോലീസ് പ്രിയങ്കയെ അറിയിച്ചു. എന്നാല്‍, ഇതുവകവയ്ക്കാതെ ലഖിംപുരിലേക്കു പുറപ്പെട്ട പ്രിയങ്കയെയും സംഘത്തെയും പോലീസ് പുലര്‍ച്ചെ നാലു മണിയോടെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ലഖിംപുരിലേക്കു കാറില്‍ പുറപ്പെട്ട പ്രിയങ്കയെ വീടിനു മുന്നില്‍വച്ചു പോലീസ് തടഞ്ഞു. തുടര്‍ന്ന് കാറില്‍നിന്നിറങ്ങി നടന്ന പ്രിയങ്കയെ സിതാപുരിനും ലഖിംപുരിനുമിടയില്‍വച്ച് പോലീസ് വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →