ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.കെ. ചൗള കവരത്തിയിലെ ഐഎന്‍എസ് ദ്വീപ്‌രക്ഷകില്‍ അത്യാധുനിക സൗകര്യങ്ങളുള്ള നേവല്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിന്റെ സാറ്റലൈറ്റ് ഡാറ്റാ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് അദ്ദേഹം. തീരസംരക്ഷണ സേനയുടെ ജില്ലാ കമാന്‍ഡറായ ഡിഐജി ഡി.ദിനകരന്‍, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് ശ്രീ. എ അന്‍ബരസ് ഐഎഎസ്, ഐഎന്‍എസ് ദ്വീപ് രക്ഷകിന്റെ കമാന്‍ഡിംഗ് ഓഫീസറായ കമാന്‍ഡര്‍ പ്രവീണ്‍, ലക്ഷദ്വീപിലെ ജില്ലാ കളക്ടര്‍ ശ്രീ. എസ് അസ്‌കര്‍ അലി ഐഎഎസ്, ലക്ഷദ്വീപ് അസിസ്റ്റന്റ് കളക്ടര്‍ ഇഗ്നാ ക്ലീറ്റസ് ഐഎഎസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അത്യാധുനിക നെറ്റ്വര്‍ക്കിംഗ് ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ സാറ്റലൈറ്റ് ഡാറ്റാ സെന്റര്‍ ഇന്ത്യന്‍ നാവികസേനയുടെ ആശയവിനിമയ സംവിധാനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നു വൈസ് അഡ്മിറല്‍ എ.കെ. ചൗള പറഞ്ഞു. സായുധ സേനകളുടെ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലേക്കുള്ള മറ്റൊരു നാഴികക്കല്ലാന്ന് തടസ്സമില്ലാത്ത ഈ നെറ്റ്‌വര്‍ക്ക് സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു. സാറ്റലൈറ്റ് ഡാറ്റാ സെന്ററില്‍ നടന്ന ചര്‍ച്ചയില്‍, തീര ശുചീകരണം, മാലിന്യ സംസ്‌കരണം, നാവിക എന്‍സിസിയുടെ വിപുലീകരണം, മറ്റ് ഭരണപരമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ദ്വീപുകളെ സംബന്ധിച്ച വിവിധ വിഷയങ്ങള്‍ ലക്ഷദ്വീപ് ഭരണകൂട പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു.

