ലഖിംപുരില്‍ കൊല്ലപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകനും: മരണസംഖ്യ ഒന്‍പതായി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. ഇന്നലെ രാവിലെ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ മരണംകൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഒന്‍പതായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ എ.ബി.പി. ന്യൂസ് റിപ്പോര്‍ട്ടര്‍ രമണ്‍ കാശ്യപാണ് മരിച്ചത്. തദ്ദേശഭരണകൂടവും കര്‍ഷകസംഘടനയും ബി.ജെ.പിയും എട്ട് മരണമാണു സ്ഥിരീകരിക്കുന്നെതങ്കിലും സംഭവത്തില്‍ രമണ്‍ കാശ്യപ് എന്ന മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടതായാണു റിപ്പോര്‍ട്ട്. സംഘര്‍ഷം ചിത്രീകരിക്കുകയായിരുന്ന ടി.വി. ചാനല്‍ പ്രവര്‍ത്തകനായ കശ്യപ് പാഞ്ഞെത്തിയ വാഹനമിടിച്ചാണു കൊല്ലപ്പെട്ടത്. മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ രണ്ട് എസ്.യു.വികള്‍ പാഞ്ഞുകയറിയതിനേത്തുടര്‍ന്ന് നക്ഷത്ര സിങ് (55), ദല്‍ജീത് സിങ് (35), ലവെപ്രീത് സിങ് (20), ഗുര്‍വേന്ദ്ര സിങ് (18) എന്നിവരാണു മരിച്ചത്. കുപിതരായ പ്രക്ഷോഭകര്‍ വാഹനങ്ങളില്‍നിന്നു വലിച്ചുപുറത്തിട്ട് മര്‍ദിച്ച നാല് ബി.ജെ.പി. പ്രവര്‍ത്തകരാണു മരിച്ച മറ്റുള്ളവര്‍. ഇതിനു പുറമേയാണു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്.ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയുടെയും കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെയും ബന്‍ബീര്‍പുര്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനാണു കര്‍ഷക്രപക്ഷോഭകര്‍ കഴിഞ്ഞ ഞായറാഴ്ച ഒത്തുകൂടിയത്. അജയ് മിശ്രയുടെ ജന്മനാടുകൂടിയാണു ബന്‍ബീര്‍പുര്‍. സംഘര്‍ഷമുണ്ടായ ലഖിംപുര്‍ ഖേരിയില്‍നിന്നുള്ള എം.പിയാണു മിശ്ര.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →