തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോന്സണ് മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല.
ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും. ഡി.ജി.പി അനില്‍ കാന്താണ് പുതിയ അന്വേഷണസംഘം രൂപീകരിക്കാന്‍ ഉത്തരവിട്ടത്.
ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി എം.ജെ. സോജന്, കോഴിക്കോട് വിജിലന്‍സ് എസ്.പി പി.സി. സജീവന്, ഗുരുവായൂര്‍ ഡി.വൈ.എസ്.പി കെ.ജി. സുരേഷ്, പത്തനംതിട്ട സി – ബ്രാഞ്ച് ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാര്‍, മുളന്തുരുത്തി ഇന്‍സ്പെക്ടര്‍ പി.എസ്. ഷിജു, വടക്കേക്കര ഇന്‍സ്പെക്ടര്‍ എം.കെ. മുരളി, എളമക്കര സബ് ഇന്‍സ്പെക്ടര്‍ രാമു, തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ ബൈജു പി. ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.

