ചണ്ഡീഗഡ്: പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുപ്പു തുടങ്ങി. പഞ്ചാബ് വികാസ് പാര്‍ട്ടി എന്നാകും പുതിയ പാര്‍ട്ടിയുടെ പേരെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട്, തനിക്ക് അടുപ്പമുള്ള നേതാക്കളുടെ യോഗം വരുംദിവസങ്ങളില്‍ അമരീന്ദര്‍ വിളിച്ചു ചേര്‍ക്കും. നവ്‌ജ്യോത് സിങ് സിദ്ദു വിരുദ്ധപക്ഷത്തുള്ള എല്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും.
തന്റെ പ്രഥമ ലക്ഷ്യം സിദ്ദുവിനെ പരാജയപ്പെടുത്തുക എന്നതാണെന്നു നേരത്തെ തന്നെ അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ ആകും അമരീന്ദര്‍ കളത്തിലിറക്കുക. പഞ്ചാബിലെ എല്ലാ കര്‍ഷക സംഘടനാ നേതാക്കളെയും അമരീന്ദര്‍ ബന്ധപ്പെടുമെന്നും സൂചനയുണ്ട്. ചെറുപാര്‍ട്ടികളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയേക്കും.ഉള്‍പാര്‍ട്ടി കലഹത്തെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടത്. 1980-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയ അമരീന്ദര്‍, 1984-ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനു പിന്നാലെ പാര്‍ട്ടി വിട്ട് അകാലിദളില്‍ ചേര്‍ന്നിരുന്നു. 1998-ലാണ് അദ്ദേഹം തിരിച്ച് കോണ്‍ഗ്രസില്‍ എത്തുന്നത്.

