തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി. അടച്ചിട്ടിരുന്ന തിയറ്ററുകൾ തുറക്കും. ശനിയാഴ്ച (02/10/21) മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്.
ഒക്റ്റോബർ 25 മുതലാണ് തിയറ്ററുകൾ തുറക്കുക. അമ്പത് ശതമാനം പേർക്ക് പ്രവേശനം നൽകാനാണ് അനുമതി നൽകിയത്. ഇൻഡോർ ഓഡിറ്റോറിയങ്ങൾക്കും നിബന്ധനകളോടെ തുറക്കാൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം.
കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും. 50 പേരെ വരെ ഉൾപ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബർ 1 മുതൽ ഗ്രാമസഭകൾ ചേരാനും അനുവദിക്കാനും കോവിഡ് അവലോകന സമിതി യോഗത്തിൽ തീരുമാനമായി.
നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഹോട്ടലുകളിൽ അമ്പത് ശതമാനം പേർക്ക് ഇരുന്ന് കഴിക്കാനും നേരത്തെ അനുമതി നൽകിയിരുന്നു.
ബാറുകളിലും ഇരുന്ന് മദ്യപിക്കാനും സർക്കാർ അനുമതി നൽകിയിരുന്നു. രണ്ട് ഡോസ് വസ്‌കിനെടുക്കുക, എ.സികൾ പ്രവർത്തിപ്പിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് പ്രവർത്തനാനുമതി നൽകിയത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും.
പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റു സ്കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് പ്രകാരമാവും ഇത്.

