തൃശ്ശൂർ: ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴിലുള്ള പൊതുശൗചാലയങ്ങളില്‍ മൊബൈല്‍ ആപ്പ് വഴിയുള്ള വിലയിരുത്തല്‍ ആരംഭിച്ചു. നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റിലെ ശൗചാലയത്തില്‍ ക്യൂ ആര്‍ കോഡ് പതിച്ച് നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.സോമശേഖരന്‍ വിലയിരുത്തല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ പഴയ ബസ് സ്റ്റാന്റ്, കായ മാര്‍ക്കറ്റ്, കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവിടങ്ങളിലും വിലയിരുത്തലിനുള്ള ക്യൂ ആര്‍ കോഡ് പതിച്ചിട്ടുണ്ട്. കോഡ് സ്‌കാന്‍ ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോമില്‍ ശൗചാലയം സംബന്ധിച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനാകും. പൊതുവായ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഇത് സഹായകമാകും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.മോഹന്‍ദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ വര്‍ഗീസ്, വി.രമിത, എം.എസ്.ഷീബ എന്നിവര്‍ സന്നിഹിതരായിരുന്നു. ആസാദീ കാ അമൃത് മഹോത്സവിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് 3 മണിക്ക് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മാലിന്യശേഖരണ സംസ്‌ക്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കും.