ക്രൈംബ്രാഞ്ചിന്റെ തെളിവുകള്‍ നിഷേധിച്ച് മോന്‍സന്‍; ഭൂമി തട്ടിപ്പ് കേസിലും പ്രതി

കൊച്ചി: ക്രൈംബ്രാഞ്ച് നിരത്തിയ തെളിവുകള്‍ നിഷേധിച്ച് പുരാവസ്തു ഇടപാടില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍.

പരാതിക്കാര്‍ക്ക് 10 കോടി രൂപ കൊടുക്കാനുണ്ടെന്നത് കള്ളമാണെന്നും 5 പരാതിക്കാര്‍ക്കുമായി നല്‍കാനുള്ളത് 4 കോടി മാത്രമാണെന്നുമാണ് ചോദ്യം ചെയ്യലില്‍ മോന്‍സന്‍ പറഞ്ഞത്. ഇതില്‍ 75 ലക്ഷം രൂപ സഹായി ഷിബുവിന്റെ അക്കൗണ്ട് വഴിയാണ് നല്‍കിയത്. ബാക്കി പണമായി നേരിട്ട് വാങ്ങി. 4 കോടി വാങ്ങിയതിന് കരാറുണ്ടെന്നും മോന്‍സന്‍ മാവുങ്കല് പറഞ്ഞു.

അതേസമയം മോന്‍സന്‍ മാവുങ്കല്‍ ഭൂമി തട്ടിപ്പ് കേസിലും ഉള്‍പ്പെട്ടതായ പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശി രാജീവ് ശ്രീധരനെ വഞ്ചിച്ചെന്നാണ് കേസ്. ഒരു കോടി 72 ലക്ഷം മോണ്‍സണ്‍ തട്ടിയെടുത്തെന്ന് രാജീവ് ശ്രീധരന്‍ പറഞ്ഞു.

മോന്‍സന്റെ സഹായി ജോഷിയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. 50 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് 14 കാറുകളും തട്ടിയെടുത്തതായും പരാതി നല്‍കി. രണ്ട് കേസിലും ക്രൈംബ്രാഞ്ച് മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ മോന്‍സനെതിരെ ഒരു ആശാരി കൂടി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്. വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ 3 പ്രതിമകള്‍ മോന്‍സന് നല്‍കി. 80 ലക്ഷം രൂപക്കായിരുന്നു കരാറെങ്കിലും 7.3 ലക്ഷമാണ് തനിക്ക് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ നിജസ്ഥിതി ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →