ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഭീകരനെ വധിച്ചു, 17കാരനായ പാക് സ്വദേശി പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമത്തിനിടെ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കറെ തോയ്ബ ഭീകരനെ വധിച്ചു. ഒപ്പമുണ്ടായിരുന്ന പാക് സ്വദേശിയായ കൗമാരക്കാരന്‍ പിടിയില്‍. അലി ബാബര്‍ പത്രയെന്ന 17 വയസുകാരനാണ് കീഴടങ്ങിയത്. ബാരാമുള്ളയില്‍ ആയുധങ്ങളെത്തിക്കുകയെന്ന ദൗത്യമാണു തങ്ങള്‍ക്കുണ്ടായിരുന്നതെന്ന് പത്ര വെളിപ്പെടുത്തി. കുടുംബത്തിലെ ദാരിദ്ര്യം മുതലെടുത്ത് ലഷ്‌കറെ സംഘാംഗങ്ങള്‍ തന്നെ വഴിതെറ്റിച്ച് ഭീകരസംഘടനയിലെത്തിക്കുകയായിരുന്നെന്ന് കീഴടങ്ങിയ അലി ബാബര്‍ പത്ര വെളിപ്പെടുത്തി. ചെറുപ്രായത്തില്‍ത്തന്നെ പിതാവിനെ നഷ്ടമായ പത്രയ്ക്ക് ദിപാല്‍പുരില്‍ രോഗിയായ അമ്മയും സഹോദരിയുമാണുള്ളത്. കുടുംബത്തിന്റെ സാമ്പത്തിക ദുര്‍ബലാവസ്ഥമൂലം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. ഇതിനിടയിലാണ് ഭീകരരുടെ വലയിലാകുന്നത്. പണവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുമായിരുന്നു ലഷ്‌കറെ വാഗ്ദാനം. 2019-ല്‍ െഖെബര്‍ പഖ്തൂണ്‍ഖ പ്രവിശ്യയിലെ ഗര്‍ഹി ഹബീബുള്ള ക്യാമ്പില്‍ ഇയാള്‍ക്ക് മൂന്നാഴ്ചത്തെ പ്രാഥമിക പരിശീലനം സിദ്ധിച്ചിട്ടുണ്ട്. ഈവര്‍ഷം ”റിഫ്രഷര്‍” പരിശീലനം നേടിയശേഷമാണ് ദൗത്യത്തിനു നിയോഗിച്ചതെന്നാണു വിവരം. ഭീകരക്യാമ്പുകളില്‍ കായിക, ആയുധ പരിശീലനത്തിനു നേതൃത്വം നല്‍കുന്നത് പാക് കരസേനാ ഉദ്യോഗസ്ഥരാണെന്ന് പത്ര പറഞ്ഞു. ഇസ്ലാംമത വിശ്വാസികള്‍ അപകടത്തിലാണെന്നും കശ്മീരിലെ മുസ്ലിംകള്‍ കൊടിയ പീഡനത്തിനിരകളാകുന്നെന്ന വ്യാജവിവരണങ്ങളുമാണ് പരിശീലനക്യാമ്പുകളില്‍ കുത്തിവയ്ക്കുന്ന പ്രധാന ആശയങ്ങള്‍. അമ്മയുടെ ചികിത്സാര്‍ഥം മുന്‍കൂറായി 20,000 രൂപ ലഷ്‌കറെ ഉന്നതര്‍ നല്‍കി. ബാരാമുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന മുറയ്ക്ക് 30,000 രൂപ അധികമായി നല്‍കാമെന്നുമായിരുന്നു വാഗ്ദാനമെന്നും ഇയാള്‍ പറഞ്ഞു.കനത്ത ആക്രമണത്തിനു കോപ്പുകൂട്ടിയാണ് സംഘമെത്തിയതെന്നു സേനാവൃത്തങ്ങള്‍ പറഞ്ഞു. ഈ ലക്ഷ്യവുമായി ആറുപേരാണ് നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചത്. ഉറി ഭീകരാക്രമണത്തിനെത്തിയവര്‍ താണ്ടിയ പാതകളിലൂടെയായിരുന്നു ഇവരുടെയും സഞ്ചാരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →