രണ്ട് ലക്ഷത്തിലേറെ മനുഷ്യർ ഒരു തുണ്ട് ഭൂമിക്ക് വേണ്ടികാത്തിരിക്കുമ്പോൾ സർക്കാർ ഏറ്റെടുത്തതിൽ 1622 ഏക്കർ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാതെ കിടക്കുന്നതായി റിപ്പോർട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതിൽ 1622 ഏക്കർ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്റെ കണക്ക്. 8214 ഏക്കർ ഭൂമി ഏറ്റെടുക്കാനുണ്ടെന്നും റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. രണ്ട് ലക്ഷത്തിലേറെ ഭൂരഹിതർ കേരളത്തിൽ ജീവിക്കുമ്പോഴാണ് ഈ അനാസ്ഥ. 2021 സെപ്തംബർ 28ന് ചൊവ്വാഴ്ച തിരുവനന്തപുരത്ത് റവന്യൂ മന്ത്രി വിളിച്ചിട്ടുള്ള ജില്ലാ കളക്ടർമാരുടെ യോഗത്തിന് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിശദാംശങ്ങൾ ഉള്ളത്. ഈ റിപ്പോർട്ടിന്‍റെ പകർപ്പ് മാദ്ധ്യ ങ്ങള്‍ക്ക് ലഭിച്ചു.

ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുമെന്ന പ്രഖ്യാപനം ഇതുവരെ കേരളത്തിൽ അധികാരത്തിലേറ്റ എല്ലാ സർക്കാരുകളും നടത്തിയിട്ടുണ്ട്. ഭൂരഹിതർക്ക് നൽകാനുള്ള ഭൂമി ഏറ്റെടുക്കാനുണ്ടുതാനും. ഏറ്റെടുത്ത ഭൂമി പോലും ഭൂരഹിതർക്ക് നൽകുന്നതിൽ സർക്കാരിന് മെല്ലെപ്പോക്കാണെന്നതിന്റെ കണക്കാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്ച റവന്യൂമന്ത്രി വിളിച്ച് ചേർത്ത ജില്ലാ കലക്ടർമാരുടെ യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. അതിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ റവന്യൂ വകുപ്പ് തയ്യാറാക്കിയ അജണ്ടയിലാണ് ഭൂമി സംബന്ധിച്ചുള്ള കണക്കുള്ളത്.

പതിനാല് ജില്ലകളിലായി ആകെ 656.77 ഹെക്ടർ ഭൂമി ഏറ്റെടുത്തത് ഭൂരഹിതർക്ക് വിതരണം ചെയ്യാതെ കിടക്കുന്നു. അതായത് 1622 ഏക്കർ ഭൂമി. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ മാത്രം 797 ഏക്കർ. ഏറ്റെടുത്തത് കൂടാതെ ഏറ്റെടുക്കാനുള്ളത് ഇതിന്റെ അഞ്ചുമടങ്ങിലധികം വരും. 3325 ഹെക്ടർ. അതായത് 8214 ഏക്കർ ഭൂമി. ആകെ കണക്ക് കൂട്ടിയാൽ 10000 ഏക്കറിലധികം ഭൂമിയാണ് ഏറ്റെടുത്തതും ഏറ്റെടുക്കാനുമായി ഉള്ളതെന്ന് റവന്യൂ വകുപ്പിന്റെ തന്നെ കണക്ക് വ്യക്തമാക്കുന്നു.

രണ്ട് ലക്ഷത്തിലേറെ മനുഷ്യർ ഇന്നും ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഓഫീസുകൾ കയറിയിറങ്ങുമ്പോഴാണ് ഇത്രയേറെ ഭൂമിയുടെ കണക്ക് പുറത്തുവരുന്നത്. മിച്ചഭൂമി ഭൂരഹിതർക്ക് എത്രയും പെട്ടെന്ന് വിതരണം ചെയ്യാനുള്ള ഇച്ഛാശക്തി ഈ സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →