വളാഞ്ചേരി: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ് എച്ച് ഒ എസ് അഷ്‌റഫ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
കൗൺസിലിംഗിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്. സ്‌കൂൾ കൗൺസിലർക്ക് കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ആദ്യഭാര്യയുമായി ബന്ധം പിരിഞ്ഞ പ്രതി രണ്ടാമതും വിവാഹിതനായിരുന്നു.
സ്വന്തം മകളെ പ്രതി കഴിഞ്ഞ അഞ്ചു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ചാവക്കാടുള്ള ആദ്യ ഭാര്യയിൽ നാല് മക്കളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.