കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ 10 കോടിയുടെ തട്ടിപ്പ് നടത്തിയതിന് കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മോന്‍സണ്‍ മാവുങ്കല്‍ സുധാകരനെ ചികിത്സിച്ചിട്ടുണ്ട് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കെ.പി.സി.സി പ്രസിഡണ്ടിന്റെ വിശദീകരണം.
ഡോക്ടര്‍ എന്ന നിലയില്‍ തന്റെ ചികിത്സയുടെ ഭാഗമായി അഞ്ചില്‍ കൂടുതല്‍ തവണ കണ്ടിട്ടുണ്ട് എന്നതല്ലാതെ മറ്റു ബന്ധമൊന്നുമില്ല എന്നാണ് സുധാകരന്‍ പറഞ്ഞത്.
തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും, മോന്‍സന്റെ വീട്ടില്‍ എത്തിയപ്പോള്‍ മാത്രമാണ് അവിടെ കോടികളുടെ പുരാവസ്തുക്കള്‍ ഉണ്ടെന്ന കാര്യം താന്‍ അറിയുന്നതെന്നും കെ.പി.സി.സി പ്രസിഡണ്ട് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നതുകൊണ്ടുതന്നെ തട്ടിപ്പില്‍ പങ്കാളിയാണെന്ന് ആര്‍ക്കും തെളിയിക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
‘ഡോ. എന്ന നിലക്കാണ് അദ്ദേഹത്തെ കാണാന്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പുരാതന വസതുക്കളുടെ ശേഖരം വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞത്. വാളും പരിചയും സ്വര്‍ണത്തിന്റെ പേജില്‍ ആലേഖനം ചെയ്ത ഖുറാനും ഒക്കെ കണ്ടു. കോടികള്‍ വിലമതിക്കുന്ന സാധനങ്ങളാണെന്ന് പറഞ്ഞാണ് എന്നെ പരിചയപ്പെടുത്തിയത്. മോന്‍സണുമായി അല്ലാതെ എനിക്ക് യാതൊരു ബന്ധവുമില്ല,’ കെ. സുധാകരന്‍ പറഞ്ഞു.
ഒരു കറുത്ത ശക്തി തന്നെ വേട്ടയാടുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചതായും സെക്രട്ടറി സംസാരിച്ചതായും പരാതിക്കാരന്‍ പറഞ്ഞത് അവിടെ നിന്നുള്ള ഗൂഢാലോചനയാണ് സൂചിപ്പിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മോന്‍സണ്‍ മാവുങ്കല്‍ സുധാകരനെ ചികിത്സിച്ചിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോസ്മറ്റോളജിസ്റ്റ് എന്ന പേരില്‍ ചികിത്സിച്ചു എന്നായിരുന്നു വാര്‍ത്ത.
മോന്‍സന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തടസ്സങ്ങള്‍ നീക്കാന്‍ സുധാകരന്‍ സഹായിച്ചിരുന്നതായും സുധാകരന്‍ 10 ദിവസം മോന്‍സന്റെ വീട്ടില്‍ താമസിച്ചതായും പരാതിക്കാരന്‍ യാക്കൂബ് പറഞ്ഞിരുന്നു. ദല്‍ഹിയിലെ വിഷയങ്ങള്‍ പരിഹരിക്കാമെന്ന് സുധാകരന്‍ വാഗ്ദാനം നല്‍കിയിരുന്നതായി പരാതിക്കാരനായ അനൂപ് പറഞ്ഞു.
2018 നവംബര്‍ 22ന് സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നും പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയെന്നും പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നു.
യാക്കൂബിന്റെ പരാതിയില്‍ കെ. സുധാകരന് പുറമേ മറ്റ് രാഷ്ട്രീയ നേതാക്കളുമായും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും മോന്‍സണ്‍ മാവുങ്കലിന് ബന്ധമുണ്ടെന്നും പറയുന്നുണ്ട്.