ബംഗ്ലൂരു: കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിലടക്കം വിൽപ്പന നടത്തിയിരുന്ന ആറംഗ സംഘം പിടിയിൽ. അറസ്റ്റിലായവരിൽ രണ്ട് മലയാളികളും ഉണ്ട്. മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദ്, കോഴിക്കോട് സ്വദേശി സെയ്ദലവി എന്നിവരാണ് പിടിയിലായ മലയാളികൾ. കൂടാതെ ഒരു തമിഴ്നാട് സ്വദേശിയും മൂന്ന് കർണാടക വ്യാപാരികളും അറസ്റ്റിലായത്. പുരയിടത്തിലും വഴിയരികിലുമുള്ള പശുക്കളെ രാത്രി വാനിൽ കയറ്റി അതിർത്തി കടത്തിയാണ് വിൽപ്പന നടത്തിയിരുന്നത്.
മടിക്കേരി ദക്ഷിണകന്നഡ ഉഡുപ്പി മംഗ്ലൂരു എന്നിവടങ്ങളിൽ നിന്ന് പശുക്കളെ സ്ഥിരമായി കാണാതാവുന്നെന്ന പരാതിയെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്. പുരയിടങ്ങളിലും വഴിയരികിലും കാണുന്ന പശുക്കളെയാണ് മോഷ്ടിച്ചിരുന്നത്. മടിക്കേരി ബസ് സ്റ്റാൻഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ മോഷണം വ്യക്തമായി പതിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറ് പേർ പിടിയിലായത്.
പശുക്കളെ കടത്താൻ ഉപയോഗിച്ചിരുന്ന രണ്ട് വാനും കണ്ടെടുത്തു. പശുക്കച്ചവടക്കാരായി രാവിലെയെത്തി പശുക്കളെ നോട്ടമിട്ട് പോയശേഷമായിരുന്നു മോഷണം. രാത്രി തന്നെ പശുക്കളെ വാനിൽ കയറ്റി അതിർത്തി കടത്തിയിരുന്നു. തമിഴ്നാട്ടിലെയും കേരളത്തിലെയും ചന്തകളിൽ എത്തിച്ചായിരുന്നു വിൽപ്പന. പശുക്കടത്തിന് ഉപയോഗിച്ചിരുന്ന ഒരു ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. മടിക്കേരിയിൽ ഒരു പുരയിടത്തിൽ പശുവിനെ മോഷ്ടിച്ച് കടത്തുന്നതിനിടെയാണ് സംഘം കർണാടക അതിർത്തിയിൽ വച്ച് പിടിയിലായത്.

