പന്തളം : ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ച് 11 ലക്ഷത്തിലേറെ രൂപ തട്ടിയടെുത്ത ദമ്പതികള്‍ അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബുവിലാസത്തില്‍ പാര്‍വതി (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികള്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തുകയായിരുന്നു. പന്തളം തോന്നല്ലൂര്‍ പൂവണ്ണാം തടത്തില്‍ വാടകയ്ക്ക താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനില്‍ മഹേഷ് കുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ് . നരിയാപുരത്ത് ഗ്രാന്‍ഡ് ഓട്ടോടെക് എന്ന പേരില്‍ വര്‍ക്ക്ഷോപ്പ് നടത്തുകയാണ് മഹേഷ്.
2020 ഏപ്രിലിലാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. അവിവാഹിതയായ താന്‍ പുത്തൂര്‍ പാങ്ങോട് സ്വകാര്യ സ്കൂളില്‍ അദ്ധ്യാപികയാണെന്നും,എസ്.എന്‍ പുരത്ത് സുനില്‍ ലാലിന്റെ വീട്ടില്‍ പേയിംഗ് ഗസറ്റായി താമസിക്കുകയാണെന്നായിരുന്നു മഹേഷിനോട് പറഞ്ഞിരുന്നത്. സൗഹൃദം തുടര്‍ന്നതോടെ മഹേഷിന് ഇഷ്ടമാവുകയും ഭാര്യയായി ഉറപ്പിക്കുകയും ചെയ്തു. തനിക്ക് 10 വയസുളളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചുപോയെന്നും അതിന്റെ കേസ് നടക്കുകയാണെന്നും പാര്‍വതി മഹേഷിനെ വിശ്വസിപ്പിച്ചു. എന്നാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ യുവതി പറഞ്ഞതെല്ലാം കളളമായിരുന്നു.
കേസ് നടത്തിപ്പിന് വക്കീലിന് കൊടുക്കാനായാണ് പാര്‍വതി പണം ആവശ്യപ്പെട്ടിരുന്നത്. ചികിത്സയുടെ പേരിലും പണം തട്ടിയിരുന്നു. പാര്‍വതിയുടെ ആവശ്യത്തിനായി ഇന്നോവ കാര്‍ വാടകയ്ക്കെടുത്ത് നല്‍കിയതിന് 8,000രൂപയും മഹേഷിന് ചെ,വായി മൊത്തം 11,07,975 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഇതിനിടെ യുവതി മഹേഷിനൊപ്പം എറണാകുളത്തുളള ബന്ധു വീട്ടിലും പോയിരുന്നു.അവിടെ വെച്ച് വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ യുവതി ഒഴിഞ്ഞുമാറിയതോടെ മഹേഷിന് സംശയമായി . തുടര്‍ന്ന് മഹേഷ് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ഇവര്‍ വിവാഹിതയാണെന്നും മകളുണ്ടെന്നും മനസിലായത്. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ മഹേഷ് പന്തളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസറ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പന്തളം എസ്എച്ച ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അറസ്റ്റ് ചെയതത്.

