ആലപ്പുഴ: വികസനകാര്യങ്ങളില്‍ കൂട്ടായ ഇടപെടല്‍ വേണം – പി.പി. ചിത്തരഞ്ജൻ എം.എൽ.എ.

ആലപ്പുഴ: വികസന പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഇടപെടല്‍ ഉണ്ടാകണമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിര്‍ദേശിച്ചു. നിയമസഭാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫണ്ട് ലഭ്യമായിട്ടും സാങ്കേതിക കാരണങ്ങളാൽ നിര്‍വഹണത്തില്‍ താമസം നേരിടുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്  ഊര്‍ജ്ജിത നടപടികള്‍ വേണമെന്ന് എം.എല്‍.എ പറഞ്ഞു. 

പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെയും ഹാർബർ എഞ്ചിനീയറിംഗ്, തദ്ദേശസ്വയംഭരണം, സ്പോർട്സ് കൗൺസിൽ, വിനോദസഞ്ചാര വികസനം, കിഫ്ബി, ആലപ്പുഴ പൈതൃക പദ്ധതി, ലൈഫ്, പൊതുവിദ്യാഭ്യാസം, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ വികസന കോർപ്പറേഷൻ എന്നിവയുടെയും പദ്ധതികൾ  യോഗത്തിൽ ചർച്ച ചെയ്തു.

റോഡുമായി ബന്ധപ്പെട്ട പ്ര‍വൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിനും ടെണ്ടർ ഏറ്റെടുക്കാത്തവയുടെ എസ്റ്റിമേറ്റ് പരിഷ്കരിച്ച് നിര്‍മാണം ആരംഭിക്കുന്നതിനും യോഗം നിർദ്ദേശം നൽകി. വിവിധ വകുപ്പുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന മേഖലകളില്‍ സംയുക്ത പരിശോധന നടത്തി തുടര്‍ നടപടികള്‍ വേഗത്തിലാക്കണം.  

പദ്ധതികൾക്ക് കരാർ ഒപ്പുവെച്ചതിനുശേഷം പ്രവൃത്തികള്‍ ആരംഭിക്കാത്തവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ലൈഫ് മിഷനില്‍ വീട് അനുവദിക്കപ്പെട്ട ഗുണഭേക്താക്കളുടെ സ്ഥലത്തിനു മുകളിലൂടെയുള്ള വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കണം. റീബിൽഡ് കേരള പദ്ധതി മുഖേന സഹായം ലഭ്യമായവർക്ക് ലൈഫ് മിഷനില്‍ ഉൾപ്പെട്ടിട്ടും വീട് ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നം പുതിയ സർക്കാർ ഉത്തരവ് പ്രകാരം പരിഹരിച്ചിട്ടുണ്ടെന്നും  എം.എൽ.എ. അറിയിച്ചു.

ജില്ലാ ഫയർ സ്റ്റേഷന്റെ ഫ്ലോട്ടിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉടന്‍ യോഗം ചേരും. പ്രീതി കുളങ്ങര സ്കൂൾ സ്റ്റേഡിയവും രാജാ കേശവദാസ് സ്വിമ്മിംഗ് പൂളും   പൂർത്തീകരിച്ച് നവംബറിൽ ഉദ്ഘാടനം ചെയ്യുമെന്നും അലപ്പുഴ- തണ്ണീർമുക്കം റോഡ് മുഹമ്മ വരെ ടാറിംഗ് പൂർത്തീകരിച്ച് സെപ്റ്റംബർ 25ന് ഉദ്ഘാടനം ചെയ്യുമെന്നും എം.ൽ.എ. അറിയിച്ചു.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →