ഹവാന: കുട്ടികളില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു ക്യൂബ. രണ്ടു വയസു മുതലുള്ള കുട്ടികള്‍ക്കാണ് തദ്ദേശീയമായി വികസിപ്പിച്ച വാക്സിന്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചത്. കുട്ടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത വാക്സിനേഷന്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വാക്സിനെടുക്കാന്‍ കുട്ടികളുമായി മാതാപിതാക്കള്‍ വ്യാപകമായി എത്തുന്നുണ്ട്. ഞായറാഴ്ചയായിരുന്നു തുടക്കം. തിരക്ക് പരിഗണിച്ച് സ്‌കൂളുകള്‍ താല്‍ക്കാലിക വാക്സിനേഷന്‍ കേന്ദ്രങ്ങളാക്കുന്ന തിരക്കിലാണ് അധികൃതര്‍. ഇതോടെ കുട്ടികള്‍ക്കായി കൂട്ട കോവിഡ് വാക്സിനേഷന്‍ തുടങ്ങിയ ആദ്യരാജ്യമായി ക്യൂബ. ഡെല്‍റ്റാ വകഭേദം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വൈറസ്ബാധിതരാകുന്ന കുട്ടികളുടെ എണ്ണം ക്യൂബയില്‍ അനുദിനം വര്‍ധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത 1,17,500 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്.
കുട്ടികളില്‍ വാക്സിനേഷന്‍ ആരംഭിച്ച് ക്യൂബ
