ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ സ്പീക്കറുടെ പ്രസംഗം വിവാദത്തില്‍. ഗാന്ധിജി അല്‍പ വസ്ത്രധാരിയായിരുന്നു. ദോത്തിയായിരുന്നു പതിവുവേഷം. ആളുകള്‍ അദ്ദേഹത്തെ ബാപ്പു എന്നു വിളിച്ചു. വസ്ത്രം ഉപേക്ഷിക്കുന്നത് ഒരാളെ വലിയ ആളാക്കുമെങ്കില്‍ രാഖി സാവന്ത് ആയിരുന്നു കൂടുതല്‍ ശ്രേഷ്ഠ. വസ്ത്രത്തില്‍ പിശുക്ക് കാട്ടുന്നതുകൊണ്ട് ആരും ബുദ്ധിമാനാകില്ല- എന്ന സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത്തിന്റെ പരാമര്‍ശങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. ശനിയാഴ്ച നടത്തിയ എന്‍െലെറ്റന്‍ഡ് കോണ്‍ഫറന്‍സിലാണ് സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത് വിവാദം തൊടുത്തത്. താന്‍ ഇതുവരെ ആറായിരം പുസ്തകങ്ങള്‍ വായിച്ചു. അവയൊക്കെ അരച്ചുകലക്കി കുടിച്ചയാളാണെന്നും സ്പീക്കര്‍ പറഞ്ഞു.പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സ്പീക്കര്‍ വിശദീകരണവുമായി എത്തി. ഉന്നാവിലെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പുസ്തകങ്ങള്‍ എഴുതുന്നതുകൊണ്ട് ആരും മഹാനാകില്ലെന്നു പറയാനാണ് ശ്രമിച്ചത്. രാഖി സാവന്ത് ഗാന്ധിജിയാകുമെന്ന് പറഞ്ഞിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.
അല്‍പ്പവസ്ത്രധാരി വലിയ ആളെങ്കില്‍ ശ്രേഷ്ഠ രാഖി സാവന്ത്: ഗാന്ധിജിയെ അപമാനിച്ച് യു.പി. സ്പീക്കര്‍ വിവാദത്തില്‍
