എറണാകുളം: സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്ന ശക്തികളെ മറികടക്കുന്നതിന് കായികരംഗം സഹായകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനെ അനുമോദിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് ഇന്ത്യന്‍ ടീം മത്സരിക്കുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി അതില്‍ പങ്കുചേരുന്നു. ഇത് കായിക രംഗത്തിന്‍റെ പ്രത്യേകതയാണ്. ശ്രീജേഷിന്റെ വിജയം എല്ലാവര്‍ക്കും മാതൃകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ അഞ്ച് ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും പ്രതിപക്ഷനേതാവ് ശ്രീജേഷിന് സമ്മാനിച്ചു.
സമ്മര്‍ദ്ദങ്ങളെ മറികടന്ന് ചെയ്യുന്ന പ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ക്ക് വിജയം നേടാന്‍ സാധിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ് പറഞ്ഞു. ഗ്രാമ പ്രദേശങ്ങളില്‍ കായിക മേഖലയ്ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ പ്രതിഭകളെ കണ്ടെത്തുന്നതിനും അവരെ വാര്‍ത്തെടുക്കുവാനും സാധിക്കും. വിവിധ കായിക ഇനങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കുവാനായി നിരവധി അവസരങ്ങള്‍ ഒരുക്കണമെന്നും ശ്രീജേഷ് പറഞ്ഞു.
കുന്നത്തുനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത പി.ആര്‍ ശ്രീജേഷിന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ നിര്‍മാണം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എം.പി ഹൈബി ഈഡന്‍ അധ്യക്ഷത വഹിച്ചു. പി.ടി തോമസ് എം.എല്‍.എ ചടങ്ങിന് ഓണ്‍ലൈനില്‍ ആശംസ അര്‍പ്പിച്ചു. മുന്‍ എം.എല്‍.എ വി. പി സജീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ്, സെക്രട്ടറി അജി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങൾ, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.