റെക്കോര്‍ഡ് വാക്‌സിനേഷന്‍ കാരണം ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ‘പനി’ വരുന്നത് ആദ്യമായി കാണുകയാണ്; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടന്നതിനെ പ്രകീര്‍ത്തിച്ചും ഈ നേട്ടത്തോടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകന്‍ ഡോ. നിതിന്‍ ധുപ്ഡലേയുമായി നടന്ന തല്‍സമയ കൂടിക്കാഴ്ചയില്‍ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇവിടെ ഇന്ത്യയുടെ വാക്‌സിനേഷന്‍ റെക്കോര്‍ഡ് കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് പനി വന്നിരിക്കുന്നത് എന്ന രീതിയിലായിരുന്നു പരിഹസിച്ച് കൊണ്ടുള്ള മോദിയുടെ പ്രതികരണം.

”വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് പല തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടന്ന കഴിഞ്ഞ ദിവസം രാത്രിയിലാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വാക്‌സിനേഷന്‍ നേട്ടത്തിന്റെ പാര്‍ശ്വഫലമായി പനി വരുന്നത് ഞാന്‍ കാണുന്നത്. ഇതില്‍ എന്ത് ന്യായമാണുള്ളത്,” മോദി ചോദിച്ചു.

സെപ്റ്റംബർ 17 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനം. 2.5 കോടി എന്ന റെക്കോര്‍ഡ് വാക്‌സിനേഷന്‍ നിരക്കാണ് രാജ്യത്ത് അന്നേ ദിവസം രേഖപ്പെടുത്തിയത്. 27 ലക്ഷത്തോളം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്ത കര്‍ണാടകയായിരുന്നു ഏറ്റവും മുന്നില്‍.

എന്നാല്‍ വാക്‌സിനേഷന്‍ നിരക്ക് ആഘോഷമാക്കുന്ന കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ത്യയേക്കാള്‍ അഞ്ച് മടങ്ങ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ചൈനയെ കേന്ദ്രസര്‍ക്കാര്‍ റഫര്‍ ചെയ്യണമെന്നായിരുന്നു ഗൗരവ് ഗൊഗോയ് പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →