തിരുവനന്തപുരം: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പൂജപ്പുര ജയിലില്‍ നിന്ന് ചാടിപ്പോയ പ്രതി കോടതിയില്‍ കീഴടങ്ങി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്.
തൂത്തുകുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ ആയിരുന്നു ജയില്‍ ചാടിയത്. സെപ്തംബര്‍ 7 നായിരുന്നു ഇയാള്‍ ജയില്‍ ചാടിയത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ജാഹിറിനെ കാണാതാവുകയായിരുന്നു.
തൂത്തുകുടിയിലേക്കായിരുന്നു ഇയാള്‍ ആദ്യം പോയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ചെന്നൈയിലേക്ക് ജാഹിര്‍ കടന്നെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ചെന്നൈ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നതിനിടെയാണ് ജാഹിര്‍ കോടതിയില്‍ ഹാജരായത്.
കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാളെ കാണാനോ പരോളില്‍ ഇറക്കാനോ ആരും എത്തിയിരുന്നില്ല. ജാഹിറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി എവിടെയൊക്കെയാണ് ഒളിവില്‍ കഴിഞ്ഞതെന്ന് ചോദ്യം ചെയ്യും. 2017 ലാണ് ജാഹിറിനെ തിരുവനന്തപുരത്ത് നടന്ന കൊലപാത കേസില്‍ അറസ്റ്റ് ചെയ്തത്.