ഇന്ത്യക്കാര്‍ക്ക് തീരെ അനുയോജ്യമല്ലാത്ത, കൊളോണിയല്‍ നിയമ വ്യവസ്ഥയാണ് ഇപ്പോഴുള്ളത്: ചീഫ് ജസ്റ്റിസ് രമണ

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിലവിലെ നിയമവ്യവസ്ഥ കൊളോണിയല്‍ ആണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. ഇന്ത്യക്കാര്‍ക്ക് തീരെ അനുയോജ്യമല്ലാത്തതാണ് ഇപ്പോഴുള്ള നിയമവ്യവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”നമ്മുടെ നിയമവ്യവസ്ഥ കൊളോണിയല്‍ ആണ്, ഇന്ത്യന്‍ ജനതയ്ക്ക് അനുയോജ്യമല്ല. നീതി നിര്‍വഹണ വ്യവസ്ഥയുടെ ഇന്ത്യന്‍വല്‍ക്കരണമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം,” അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളിലുള്ള ആളുകള്‍ പുറന്തള്ളപ്പെടുകയാണ്. അവര്‍ക്ക് ഇംഗ്ലീഷിലുള്ള നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുന്നില്ല. ഒടുവില്‍ അവര്‍ക്ക് ഒരുപാട് പണം ചെലവാക്കേണ്ടിവരുന്നുവെന്നും രമണ പറഞ്ഞു. കോടതികള്‍ വ്യവഹാര സൗഹൃദമായിരിക്കണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

കോടതികള്‍ സുതാര്യവും ഉത്തരവാദിത്തബോധമുള്ളതുമായിരിക്കണമെന്നും സാധാരണക്കാരന് ആശ്വാസം നല്‍കണമെന്നും രമണ പറഞ്ഞു. അന്തരിച്ച ജസ്റ്റിസ് എം.എം. ശാന്തനഗൗഡറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കര്‍ണാടക സ്റ്റേറ്റ് ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് രമണ.

ശാന്തനഗൗഡറിന്റെ മരണത്തോടെ രാജ്യത്തിന് ഒരു സാധാരണക്കാരന്റെ ജഡ്ജിയെ നഷ്ടപ്പെട്ടുവെന്നും പാവപ്പെട്ടവരുടെ കേസുകള്‍ എടുക്കാന്‍ അദ്ദേഹത്തിന് ഏറെ താല്‍പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ ലളിതവും പ്രായോഗികവുമായിരുന്നെന്നും രമണ പറഞ്ഞു.

Share
അഭിപ്രായം എഴുതാം