പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബര്‍ 24 മുതല്‍

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ 18ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ 13നാണ് അവസാനിക്കുക. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ഉന്നതലതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ. ഓരോ പരീക്ഷയ്ക്കിടയിലും അഞ്ച് ദിവസങ്ങൾ വരെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷകൾക്കിടയിലെ ഇടവേള വർധിപ്പിച്ചത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ ടൈം ടേബിൾ dhsekerala.gov.in എന്ന ഹയർ സെക്കൻഡറി വെബ് പോർട്ടലിൽ ലഭ്യമാണ്.

പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തും. കുട്ടികൾക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിൾ ആണ് നൽകിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്. നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. പിന്നീട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്റെ വാദങ്ങൾ തൃപ്തികരമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്താൻ സുപ്രീംകോടതി അനുമതി നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →