കോട്ടയം: സർക്കാർ ചർച്ചക്ക് തയ്യാറാകാത്തതിനാലാണ് പ്രതിപക്ഷം മതനേതാക്കളെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിവാദത്തിന് പിന്നിൽ സംഘപരിവാർ അജണ്ടയുണ്ടെന്നും സതീശൻ പറഞ്ഞു. 18/09/21 ശനിയാഴ്ച പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലപാട് ഇല്ലായ്മയാണ് ഇപ്പോൾ സിപിഎമ്മിന്റെ നിലപാട്. ഈ ഒരാഴ്ച്ചക്കാലം ഇരു സമുദായങ്ങൾ തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സംഘർഷങ്ങളുണ്ടായപ്പോള്‍ അവ അയവ് വരുത്താൻ പാകത്തിലുള്ള ഒരു ശ്രമവും സർക്കാറിന്റെയോ സിപിഎമ്മിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
സർക്കാർ ഇടപെടണമെന്ന് നിരന്തരമായി പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങൾ ആവശ്യപ്പെട്ടു. സൈബർ ഇടങ്ങളിൽ സംഘർഷമുണ്ടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സർക്കാർ ചർച്ചക്ക് തയ്യാറാകാത്തതിനാലാണ് പ്രതിപക്ഷം നേതാക്കളെ കണ്ടത്. സംഘർഷത്തിന് അയവ് വരുത്താനാണ് പ്രതിപക്ഷനേതാവും കെ.സുധാകരനും ശ്രമിച്ചത്. മന്ത്രി വാസവൻ ബിഷപ്പിനെ സന്ദർശിച്ചതിൽ തെറ്റില്ല. എന്നാൽ പക്ഷം പിടിക്കരുത്. പക്ഷം പിടിക്കുന്ന നിലപാട് ആരും സ്വീകരിക്കരുത്.
പ്രശ്‌നപരിഹാരത്തിന് സർക്കാർ മുൻകൈയെടുത്താൽ പ്രതിപക്ഷം പിന്തുണക്കുമെന്നും സംഘ്പരിവാർ അജണ്ട മുതലെടുക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.