കാബൂൾ: അഫ്ഗാനിസ്താന്‍ വിടുന്നതിന് മുന്‍പ് അമേരിക്കൻ സേന കാബൂളിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 10 നിരപരാധികളെന്ന് കണ്ടെത്തൽ. യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണ വിഭാഗമാണ് കുറ്റസമ്മതം നടത്തിയത്.
സന്നദ്ധ പ്രവർത്തകൻ സമേരി അക്മാദിയും കുടുംബാംഗങ്ങളും അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏഴ് പേർ കുട്ടികളാണ്. കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും ഐഎസ് ബന്ധമുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
അമേരിക്കയ്ക്കായി ദ്വിഭാഷിയായി പ്രവർത്തിച്ച അഹമ്മദ് നാസർ എന്നയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അമേരിക്കയിലേക്ക് പോകാന്‍ ഊഴം കാത്തിരുന്നവരാണ് ഇവർ. ഒഴിപ്പിക്കലിനിടെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തു ആഗസ്ത് 26നുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെയാണ് യുഎസ് ആക്രമണം നടന്നത്.