പാലക്കാട്: കായികരംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള സ്പോർട്സ് നയം
സംസ്ഥാനത്ത് ആവിഷ്കരിക്കുമെന്ന് കായികമന്ത്രി വി. അബ്ദുൽ റഹ്മാൻ പറഞ്ഞു. കായികരംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കായിക നയം രൂപീകരിക്കാൻ തീരുമാനിച്ചത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ പുതിയ കാർഷിക നയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കായികമേഖലയിൽ കൃത്യമായ ഇടപെടൽ ഉണ്ടായാൽ സംസ്ഥാനത്തിന് ശക്തമായ തിരിച്ചുവരവ് നടത്താനാകും. മുൻസർക്കാരിന്റെ കാലത്ത് ആയിരം കോടിയിലധികം തുക കായിക അടിസ്ഥാനസൗകര്യങ്ങൾക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്. ഇതിൽ പല പ്രവർത്തികളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 58 ഓളം സ്റ്റേഡിയങ്ങൾ പുതുതായി പണി പൂർത്തിയാക്കുകയാണ്.
ജില്ലാ ആസ്ഥാനങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഗ്രൗണ്ടുകൾ തയ്യാറാക്കും. പാലക്കാട്, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ നിലവിൽ ഇത്തരം ഗ്രൗണ്ടുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ ഇത്തരത്തിൽ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തിയാൽ ഉടൻ പണി ആരംഭിക്കും. ഇതിനായി 40 കോടി രൂപ മാറ്റിവെച്ചുട്ടള്ളതായി മന്ത്രി പറഞ്ഞു.
കായിക നയത്തിന്റെ കരട് രേഖ അടുത്തമാസം അവസാനത്തോടെ ജില്ലകളിലെ സ്പോർട്സ് കൗൺസിലുകളിൽ എത്തിക്കും. അതാത് ജില്ലകളിലെ കായികതാരങ്ങൾ, വിദഗ്ധർ, മാധ്യമങ്ങൾ, കായിക അധ്യാപകർ എന്നിവരുമായി ചർച്ച നടത്തി കായിക നയത്തിൽ മാറ്റങ്ങൾ നിർദ്ദേശിച്ചാൽ അവ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കായിക താരങ്ങളെ കണ്ടെത്താൻ’ ബേബി ബുക്സ് ‘
കായിക അഭിരുചി ചെറിയപ്രായത്തിൽ തന്നെ കണ്ടെത്തി താഴെത്തട്ടിൽ നിന്ന് വളർത്തി കൊണ്ടു വരുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ കായിക ഇനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ആദ്യഘട്ടത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ആണ് ബേബി ബുക്സ് എന്ന പേരിൽ കായിക ഇനം ഉൾപ്പെടുത്തുന്നത്. തുടർന്ന് പ്ലസ് ടു വരെ വിപുലപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പുമായുള്ള ചർച്ച അവസാനഘട്ടത്തിലാണ്. തുടർന്ന് അധ്യാപക സംഘടനകളുമായും ചർച്ച നടത്തും.
പഞ്ചായത്തുകളിൽ കളിക്കളങ്ങൾ
പൊതുജനങ്ങളുടെ കായികക്ഷമത നിലനിർത്തുക എന്ന ലക്ഷ്യവുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കളിക്കളങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നു. ഇതിനായി സർവേ നടത്താൻ തദ്ദേശസ്വയംഭരണ വകുപ്പിന് അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഒക്ടോബർ രണ്ടിനകം സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കും. ഇതിനുള്ള പ്രത്യേക മാർഗരേഖയും നൽകും. കൂടാതെ സംസ്ഥാനത്തുള്ള ആയിരത്തോളം സ്വകാര്യ ടർഫുകളെ കായികക്ഷമത മിഷൻ പ്രവർത്തനത്തിൽ പങ്കാളികളാക്കും.
ഫുട്ബോളിനായി കൂടുതൽ മികച്ച പദ്ധതികൾ
ഫുട്ബോളിന്റെ പ്രചരണം ശക്തമാക്കുന്നതിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ എന്നിവയുമായി ചർച്ചകൾ നടത്തുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ പുതിയ ഫുട്ബോൾ പരിശീലന പദ്ധതികൾ ആരംഭിക്കാൻ ഇവർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ കൂടുതൽ ഫുട്ബോൾ മാച്ചുകൾ കേരളത്തിൽ എത്തിക്കാനും പദ്ധതി രൂപീകരിക്കും. ഇതുമൂലം ഫുട്ബോൾ താരങ്ങൾക്ക് കൂടുതൽ അവസരങ്ങളും അനുഭവസമ്പത്തും ലഭിക്കും. എല്ലാ സർവകലാശാലകളിലും ഫുട്ബോൾ ടീമുകൾ സജ്ജമാക്കും. കേരള അത്‌ലറ്റിക് അസോസിയേഷനുമായി ചർച്ച നടത്തുകയും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കായികതാരങ്ങളെ ദേശീയ-അന്തർദേശീയ മത്സരങ്ങൾക്ക് സജ്ജമാക്കും എന്നും മന്ത്രി പറഞ്ഞു.
അഫിലിയേഷൻ റദ്ദാക്കും
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട സ്പോർട്സ് അസോസിയേഷനുകളുടെ പ്രവർത്തനം നിരീക്ഷിക്കും. കാര്യക്ഷമമല്ലാത്തവയുടെ അഫിലിയേഷൻ റദ്ദാക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ പുരോഗമിക്കുന്നത് നിരവധി കായിക കേന്ദ്രങ്ങൾ
മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച നിരവധി കായിക കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളാണ് ജില്ലയിൽ പുരോഗമിക്കുന്നത്. കണ്ണമ്പ്ര, കോട്ടായി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ഫുട്ബോൾ കോർട്ടുകൾ, അനങ്ങനടി പഞ്ചായത്തിലെ മിനി സ്റ്റേഡിയം, തൃത്താല തിരുമിറ്റക്കോടിലെ സ്റ്റേഡിയം, ചിറ്റൂർ ഗവൺമെന്റ് കോളേജിൽ കായിക സമുച്ചയം എന്നിവയെല്ലാം പണിപുരോഗമിക്കുന്ന കേന്ദ്രങ്ങളാണ്.
കോച്ചുകൾക്ക് പരിശീലനം
കായിക സൗകര്യങ്ങൾ വികസിക്കുമ്പോൾ കായിക താരങ്ങൾക്കൊപ്പം കോച്ചുകളും ഉണ്ടാകും. കോച്ചുകൾക്ക് പരിശീലനത്തിനായി ഓസ്ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയുമായും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, ഡൽഹിയിലെ സായി എന്നിവയുമായും കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. കൂടാതെ പഞ്ചായത്തുകളിൽ കായിക ഇൻസ്പെക്ടർമാരെ നിയമിക്കുകയും പ്രദേശത്തെ കായികതാരങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്യും. ഇത്തരത്തിൽ കായിക കേരളത്തിൽ സമഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ പി പി സുമോദ് എംഎൽഎ, ജില്ലാ കലക്ടർ മൃൺമയി ജോഷി, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ എന്നിവർ പങ്കെടുത്തു.