കോവിഡ് കാലത്ത് ഉപജീവനത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം വലുത്: ആന്റോ ആന്റണി എം.പി

കോവിഡ് സൃഷ്ടിച്ചിരിക്കുന്ന തൊഴില്‍പരമായ പ്രതിസന്ധിയുടെ ഈ കാലത്ത് അതിജീവനത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം വലുതാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിന് ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിഷ) 2021 വര്‍ഷത്തിലെ രണ്ടാം പാദയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോവിഡ് പ്രതിസന്ധി തൊഴില്‍ അവസരങ്ങളെ സാരമായി ബാധിച്ചത് അതിജീവിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഫലപ്രദമായ പ്രാവര്‍ത്തികമാക്കല്‍ ഉറപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗ്രാമപഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി ഫലപ്രാപ്തിയില്‍ എത്തിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമപഞ്ചായത്ത് തലത്തിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും തൊഴിലുറപ്പ് ജോലി കുറവ് വരുത്തിയ പഞ്ചായത്തുകള്‍ പ്രത്യേക ശ്രദ്ധ നല്‍കി 100 ദിനങ്ങള്‍ തൊഴിലാളികള്‍ക്ക് ഉറപ്പാക്കുന്ന നിലയിലേക്ക് എത്തണം. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും സെക്രട്ടറിമാരുടെ പ്രത്യേക യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന് എം.പി ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു.  പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിയില്‍ പത്തനംതിട്ട ജില്ലയ്ക്ക് 100 കിലോമീറ്റര്‍ അനുവദിച്ചതില്‍ ഉദ്യോഗസ്ഥതലത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ വേഗത്തിലാക്കണം. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ഉടന്‍ ചേരണം.

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിയില്‍ ജില്ലയില്‍ ഗ്രാമീണ റോഡുകളെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനും ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിലേക്ക് നയിക്കാനും സാധിക്കണം. കേന്ദ്രാവിഷ്‌കൃത കുടിവെള്ള പദ്ധതി കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം. കോവിഡ് കാലത്ത് കേന്ദ്രഫണ്ട് വിനിയോഗിച്ച് ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിന് നിരവധി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്താന്‍ സാധിച്ചു. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പദ്ധതിപ്രകാരം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ഐസിയു ബെഡ്, ഓക്സിജന്‍ പ്ലാന്റ് തുടങ്ങി നിരവധി സേവനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞതായും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കാര്യക്ഷമമായി ജില്ലയില്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും ആന്റോ ആന്റണി എംപി പറഞ്ഞു. 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2020-21 സാമ്പത്തിക വര്‍ഷം, കോവിഡ് കാലത്ത് 6178 കുടുംബങ്ങളെ കൂടി പദ്ധതിയില്‍ കീഴില്‍ കൊണ്ടുവന്നത് ജില്ലയ്ക്ക് മികച്ച നേട്ടമായി. 40.61 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക വഴി ജില്ലയിലെ 58,138 കുടുംബങ്ങള്‍ക്ക് പദ്ധതി താങ്ങായി. 3,493 പേര്‍ പുതുതായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. 19,989 കുടുംബങ്ങള്‍ 100 ദിനം തൊഴില്‍ ചെയ്തു. 119.67 കോടി രൂപ അവിദഗ്ധ വേതനമായി ഗ്രാമീണ ജനങ്ങളുടെ അക്കൗണ്ടുകളില്‍ എത്തി. 

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫലപ്രദമായ നിര്‍വഹണം ഉറപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി നിലവിലെ നിര്‍വഹണത്തെ ബാധിച്ചു എങ്കിലും കൂടുതല്‍ കാര്യക്ഷമമായ സ്ഥിതി ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. പദ്ധതികള്‍ ഫലപ്രാപ്തിയില്‍ എത്താന്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പദ്ധതി നിര്‍വഹണത്തില്‍ പിന്നാക്കംപോയ പഞ്ചാത്തുകളുടെ സെക്രട്ടറിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദിഷ യോഗത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി ആവാസ് യോജന, രാഷ്ട്രീയ കൃഷി വികാസ് യോജന, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, ദേശീയ ലൈവ്ലിഹുഡ് മിഷന്‍, സ്വച്ഛ ഭാരത് മിഷന്‍, സാമൂഹ്യക്ഷേമപദ്ധതികള്‍, പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി എന്നിങ്ങനെ 32 പദ്ധതികളുടെ അവലോകനം നടന്നു. യോഗത്തില്‍  ജില്ലാതല ഉദ്യാഗസ്ഥര്‍  എംപിയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →