പാലക്കാട്: സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ച കെട്ടിടത്തിൽ നിന്നും കണ്ടെത്തിയ നോട്ടീസുകൾ ഐഎസിന്‍റേതല്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി. പാലക്കാട് നഗരത്തോട് ചേർന്ന മേട്ടുപ്പാളം സ്ട്രീറ്റിൽ ആയുർവേദ മരുന്നു കടയുടെ മറവിൽ പ്രവർത്തിച്ച സമാന്തര ടെലഫോൺ എക്സ്ചേഞ്ചിൽ നിന്നും കണ്ടെടുത്ത സാധനങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ലഭിച്ചത് പോപ്പുലർ ഫ്രണ്ടിന്റെയും വിസ്ഡം ഗ്രൂപ്പിന്റെയും നോട്ടീസുകളായിരുന്നു. ബാബറി മസ്ജിദ് പുനർനിർമാണം, സിറാജുന്നിസ്സ ചരമ വാർഷിക പരിപാടി, ഐഎസിനെതിരായ പ്രചരണം, എന്നിവയായിരുന്നു നോട്ടീസുകളിലെ ഉള്ളടക്കം. ഐഎസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പാലക്കാട് എസ്പി പറഞ്ഞു. ഒളിവിൽ പോയ സ്ഥാപന ഉടമ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് കോയക്കായി തെരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ മലപ്പുറത്ത് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി .മലപ്പുറം കീഴിശ്ശേരി സ്വദേശി മിസ്ഹബാണ് അറസ്റ്റിലായത്. പ്രതി സ്വന്തം വീട്ടിലും സഹോദരിയുടെ വീട്ടിലുമാണ് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചത്. ഇയാൾ സമാന കേസിൽ മൈസൂരുവിൽ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രാജ്യദ്രോഹ പ്രവർത്തനത്തനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മലപ്പുറം എസ്പി എസ്.സുജിത് ദാസ് പറഞ്ഞു. സമാന്തര എക്സ്ചേഞ്ച് കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു

