ഗാനി ബരാദര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി താലിബാന്‍

കാബൂള്‍: ഉപപ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഗാനി ബരാദര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി താലിബാന്‍. കൊല്ലപ്പെട്ടിട്ടില്ലെന്നും പരുക്കേറ്റില്ലെന്നും ബരാദര്‍ വ്യക്തമാക്കുന്ന ശബ്ദസന്ദേശവും അവര്‍ പുറത്തുവിട്ടു.ബരാദര്‍ കൊല്ലപ്പെട്ടെന്ന വാദം പച്ച കളവാണെന്നും ഒരു അടിസ്ഥാനവുമില്ലാത്തതാണെന്നും താലിബാന്‍ വക്താവ് സുെലെല്‍ ഷഹീന്‍ വ്യക്തമാക്കി. വടക്കന്‍ നഗരമായ കാണ്ഡഹാറിലെ യോഗത്തില്‍ ബരാദര്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും താലിബാന്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ഇത് യഥാര്‍ഥമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല.

ബരാദറിനെ പിന്തുണയ്ക്കുന്നവരും സിറാജുദ്ദീന്‍ ഹഖാനിയെ പിന്തുണയ്ക്കുന്നവരും പരസ്പരം ഏറ്റുമുട്ടിയെന്നും വെടിവയ്പില്‍ ബരാദര്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു അഭ്യൂഹം. ഹഖാനിയെപ്പോലുള്ള കമാന്‍ഡര്‍മാരും ബരാദറിനെപ്പോലെ ദോഹയിലെ രാഷ്ട്രീയകാര്യ ഓഫീസിലിരുന്ന് അമേരിക്കയുമായി നയതന്ത്രചര്‍ച്ച ഏകോപിപ്പിച്ചവരും കടുത്ത ഭിന്നതയിലാണെന്നു നേരത്തെതന്നെ അഭ്യൂഹം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലില്‍ ബരാദര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതേസമയം, ഉള്‍പ്പോരില്ലെന്നും ഒറ്റക്കെട്ടായാണു മുന്നോട്ടുനീങ്ങുന്നതെന്നും പലതവണ താലിബാന്‍ വ്യക്തമാക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →