ആലപ്പുഴ: സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്: പെരുമ്പളം പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

ആലപ്പുഴ: പെരുമ്പളം ഗ്രാമനിവാസികളുടെ ചിരകാല സ്വപ്നമായ പെരുമ്പളം പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. വേമ്പനാട് കായലിന് കുറുകെ പെരുമ്പളം ദ്വീപിനെ പ്രധാന കരയിലെ വടുതല ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് പാലം. പാലത്തിന്റെ ദ്വീപ് ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ തുടങ്ങിയത്. പെരുമ്പളം വടക്ക് ജെട്ടി ഭാഗത്തെ പൈലിംഗ് പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു.

നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തുകാരുടെയും ഇവിടേക്ക് എത്തുന്നവരുടെയും യാത്രാദുരിതത്തിന് ശാശ്വത പരിഹാരമേകുന്നതാണീ പാലം. 1110 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലം കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ്  നിര്‍മിക്കുന്നത്. രണ്ടുവരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റര്‍ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. ദേശീയ ജലപാത മാനദണ്ഡപ്രകാരം മധ്യഭാഗത്തെ മൂന്ന് സ്പാനുകള്‍ക്ക് 55 മീറ്റര്‍ ഉയരമുണ്ടാകും. 35 മീറ്റര്‍ വീതം നീളമുള്ള 27 സ്പാനുകള്‍ ഉള്‍ക്കൊള്ളുന്നതാണീ പാലം. മധ്യത്തിലെ മൂന്ന് സ്പാനുകളുടെ വീതി 12 മീറ്ററാണ്. ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് രൂപരേഖ. വടുതല ഭാഗത്ത് 300 മീറ്റര്‍ നീളത്തിലും പെരുമ്പളത്ത് 250 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും നിര്‍മിക്കും.   

ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം- പൂത്തോട്ട- തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന പാതയുടെ ആദ്യഘട്ടമെന്ന നിലയിലാണ് പെരുമ്പളം പാലം വിഭാവനം ചെയ്തിരിക്കുന്നത്. പതിനായിരത്തിലേറെ ജനസംഖ്യയുള്ള പെരുമ്പളം ദ്വീപില്‍ നിന്ന് മറുകരയിലേക്ക് എത്തുന്നതിന് വള്ളങ്ങളും ബോട്ടുകളുമായിരുന്നു ഏക ആശ്രയം. വിദ്യാര്‍ത്ഥികളും ജോലിക്കു പോകുന്നവരും ഏറെ ബുദ്ധിമുട്ടിയിരുന്നു. ജനങ്ങളുടെ ഈ പ്രശ്നം മനസ്സിലാക്കി അന്നത്തെ അരൂര്‍ എം.എല്‍.എ ആയ അഡ്വ. എ.എം.ആരിഫ് എം.പിയാണ് പാലത്തിനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും പാലത്തിനായി ഇടപെട്ടതോടെ 2019ല്‍ മുഖ്യമന്ത്രി നേരിട്ടെത്തിയാണ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പാലത്തിന്റെ ദ്വീപ് ഭാഗത്ത് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ദലീമ ജോജോ എംഎല്‍എ സെപ്റ്റംബര്‍ 8 ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു. പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനാവശ്യമായ എല്ലാ ഇടപെടലുകളും സഹായങ്ങളും ഉറപ്പാക്കുമെന്നും എം.എല്‍.എ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →