തിരുവനന്തപുരം : വീട്ടില്‍ നിന്ന് കളളനോട്ട് പിടിച്ചെടുത്ത കേസില്‍ പ്രതിയില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി ഉപ്പുതറ സ്റ്റേഷനിലെ മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്‌എം റിയാസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും ശബ്ദ രേഖയുമാണ് കേസിലെ പ്രതി അഞ്ചല്‍ തടിക്കാട് വാരലഴികത്ത് വീട്ടില്‍ ഹനീഫ് ഷിറോസ് പുറത്തുവിട്ടിരിക്കുന്നത്.
സംഭവത്തെക്കുറിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷമം തുടങ്ങി. തിരുവനന്തപുരത്ത് സിറ്റി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ സിഐആണ് റിയാസ് ഇപ്പോള്‍. ഇടുക്കി മാട്ടുത്താവളത്ത് റിസോര്‍ട്ട് നടത്തിയിരുന്ന ഹനീഫിന്റെ വീട്ടില്‍ നിന്ന് 2020 ഏപ്രിലില്‍ 12,58,000 രൂപയുടെ കളളനോട്ടും പ്രിന്ററും കണ്ടെടുത്തതായി കേസുണ്ട്. സംഭവത്തില്‍ ഹനീഫ് അറസ്റ്റിലായി, കോടതി റിമാന്‍ഡ് ചെയ്‌തതിനെ തുടര്‍ന്ന് ജയിലിലുമായി. കേസിന്റെ നടത്തിപ്പിനിടെ പോലീസ് കൈക്കൂലി ആവശ്യപ്പെട്ടതിന്റെ തെളിവാണ് ഹനീഫ് പുറത്തുവിട്ടത്. തനിക്കെതിരെയുളളത് കളളക്കേസാണെന്നും ഉപദ്രവിക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും സിഐ ഉള്‍പ്പടെുളള മൂന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹനീഫ് ആരോപിച്ചു.
സിഐ റിയാസിനെ കൂടാതെ ഉപ്പുതറ സ്റ്റേഷനിലെ എസ്‌ഐ ചാര്‍ലി, എഎസ്‌ഐ ദിനേശന്‍ സിവില്‍ പോലീസ് ഓഫീസര്‍ ടോണി തോമസ് എന്നിവരാണ്‌് കൈക്കൂലി ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയതെന്നും ഡിജിപിക്ക് നല്‍കിയ പരാതി യില്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളടങ്ങിയ സിഡിയും വാട്‌സാപ്പ് മെസേജുകളും ഡിജിപിക്ക് കൈമാറിയതായും ഹനീഫ് പറഞ്ഞു. കസ്‌റ്റഡിയില്‍ വാങ്ങിയ സമയത്ത് ധരിച്ചിരുന്ന 1.25 ലക്ഷം രൂപ വിലവരുന്ന വാച്ചും മൊബൈല്‍ ഫോണുകളും പോലീസ് കൈക്കലാക്കി. തന്റെ കയ്യില്‍ നിന്ന് എഎസ്‌ഐ 10,000 രപ വാങ്ങിയ ശേഷമാണ് മൊബൈലുകള്‍ തിരികെ നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
റിയാസിന്റെ തിരുവനന്തപുരത്തുളള വസതിയെലെത്തിച്ചാണ് പണം കൈമാറിയത്. ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ സിഐ ആവശ്യപ്പെടുന്നതും എറണാകുളത്തെ അക്കൗണ്ട് നമ്പര്‍ നല്‍കാമെന്ന പറയുന്നതിന്‍റെ ശബ്ദ രേഖയും ഉണ്ട്. . കുടുംബ സ്വത്തായ സ്‌കൂളിന്റെ അവകാശ തര്‍ക്കത്തിന്റെ പേരില്‍ എതിരാളികള്‍ തന്നെ കളളനോട്ട് കേസില്‍ പെടുത്തിയതാമെന്നാണ് ഹനീഫിന്റെ അവകാശവാദം.
എന്നാല്‍ പ്രതി ഹനീഫ് ഷിറോസ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സിഐ റിയാസ് പറഞ്ഞു. ഹനീഫിന്റെ വീട്ടില്‍ നിന്ന് കളളനോട്ട് കണ്ടെടുക്കുമ്പോള്‍ താന്‍ കേസിന്റെ അന്വേഷണോദ്യോഗസ്ഥനായിരുന്നില്ല. നിയമ പ്രകാരമാണ് എല്ലാ നടപടികളും സ്വീകരിച്ചത്. കളളനോട്ട് കേസ് കൂടാതെ രണ്ടാംഭാര്യയുടെ മകന്റെ ശരീരത്തില്‍ ചട്ടുകം വച്ചു പൊളളിച്ച കേസിലും ഹനീഫ് പ്രതിയാണെന്ന് റിയാസ് പറഞ്ഞു.