തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയ താരദമ്പതികളായ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന വിരുമൻ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ ഇളയമകൾ അതിഥി അരങ്ങേറ്റം കുറിക്കുന്നു. തമിഴ് നടൻ കാർത്തിയുടെ നായികയായിട്ടാണ് അതിഥിയുടെ അരങ്ങേറ്റം.
മുത്തയ്യ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ 18 മുതൽ തേനിയിൽ ആരംഭിക്കും. ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എന്റർറ്റൈനർ ചിത്രമായിരിക്കും വിരുമൻ.
കാർത്തിയെ കൂടാതെ രാജകിരൺ, പ്രകാശ് രാജ്, സൂരി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ തെന്നിന്ത്യൻ സിനിമയിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.