ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെ നടക്കും. മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണിത്. ആവശ്യവുമായി വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.
സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചത്. ഈ മാസം 15 വരെയാണ് സിബിഎസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയില്‍ നീറ്റ് യുജി പരീക്ഷ നടത്തരുതെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ആവശ്യപെട്ടത്. എന്നാല്‍ 16 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.