കോഴിക്കോട് : താലിബാന്‍ ജയില്‍ മോചിതരാക്കിയവരിലെ മലയാളികള്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാനുളള സാധ്യതകള്‍ മുന്‍നിര്‍ത്തി കേരള തീരത്ത് തീവ്ര ജാഗ്രത. കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കോസ്‌റ്റല്‍ പോലീസ് പട്രോളിങ്ങും പരിശോധനയും കര്‍ശനമാക്കി. സംസ്ഥാനത്തെ 18 കോസ്‌റ്റല്‍ പോലീസ് സറ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോസ്‌റ്റല്‍ ഐജി പി.വിജയന്റെ നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി ,ഇന്റലിജന്‍സ് ബ്യൂറോ,എസ്‌എസ്‌ബി വിഭാഗങ്ങള്‍ തീരമേഖലയുമായി ബന്ധപ്പെട്ടുളള വിവരങ്ങള്‍ ശേഖരിച്ചു.
തീരദേശവുമായി ബന്ധപ്പെട്ടുളള ജില്ലാ പോലീസ് മേധാവികള്‍ക്കും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശവുമായി ബന്ധപ്പെട്ട് അപരിചിതരെ കണ്ടാല്‍ അറിയിക്കണമെനന്ന് മത്സ്യ തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കോസ്‌റ്റല്‍ പോലീസ് മുന്നറിയിപ്പുനല്‍കി. കൂടാതെ തീരമേഖലയിലെ ഹോട്ടലുകള്‍ക്കും ലോഡ്‌ജുകള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 25 ഇന്ത്യാക്കാര്‍ അഫ്‌ഗാനിലുണ്ടെന്നായിരുന്നുദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. കേരളത്തിലും കര്‍ണാടകയിലുമുളളവരാണിവര്‍. താലിബാന്‍ ഇവരെ ജയില്‍ മോചിതരാക്കിയിരുന്നു.പാക്കിസ്ഥാന്‍ വഴി കടല്‍ മാര്‍ഗം ഇവര്‍ ഇന്ത്യിയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് . ഐഎസ് ബന്ധത്തെ തുടര്‍ന്ന് യുഎയില്‍ നിന്ന് നാടുകടത്തിയ കോഴിക്കോട് സ്വദേശിയേയും നിരീക്ഷിക്കുന്നുണ്ട്.