ആലപ്പുഴ : കേര ഗ്രാമം : ജില്ലയിൽ നടപ്പാക്കുന്നത് ഏഴ് പഞ്ചായത്തുകളിൽ

ആലപ്പുഴ : സെപ്റ്റംബര്‍ രണ്ടിന് ഒരു നാളികേര ദിനം കൂടി കടന്നുപോകുമ്പോള്‍ നാളികേര കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത് ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ. ആദ്യ ഘട്ടത്തിൽ തുടങ്ങിയ ഭരണിക്കാവ് വള്ളികുന്നം പഞ്ചായത്തുകളിൽ കേര ഗ്രാമം പദ്ധതി മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ മാത്രമാണ് പദ്ധതി ആരംഭിച്ചതെങ്കിൽ ഈ വർഷം പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത് പാണാവള്ളി, മുഹമ്മ, അമ്പലപ്പുഴ വടക്ക്, മുളക്കുഴ എന്നീ പഞ്ചായത്തുകളിലാണ്.

രോഗം മൂലം വിളനാശം വന്ന തെങ്ങുകൾ വെട്ടി പകരം പുതിയതും അത്യുല്പാദന ശേഷിയുള്ളതുമായ തെങ്ങിൻ തൈകൾ വെക്കുകയും അതോടൊപ്പം തന്നെ വെട്ടി മാറ്റിയ തെങ്ങിന് കർഷകന് ഒരു തുക നഷ്ടപരിഹാരമായി ലഭിക്കുന്നു എന്നതും കേര ഗ്രാമം പദ്ധതിയുടെ നേട്ടമാണ്. തേങ്ങൊന്നിനു 1000 രൂപയും, തൈകൾക്ക് 50 ശതമാനവുമാണ് കേര ഗ്രാമം പദ്ധതി വഴി കർഷകന് നഷ്ടപരിഹാരം ലഭിക്കുക. സംയോജിത വിള പരിപാലനവും, ഇടവിള കൃഷിയും കേര ഗ്രാമം പദ്ധതി വഴി നടപ്പാക്കപ്പെടുന്നു എന്നതും ഇതിനെ കർഷക സൗഹൃദ പദ്ധതിയാക്കുന്നു. പഞ്ചായത്ത്‌ തല കേര സമിതികൾ വഴിയാണ് പദ്ധതിയുടെ നിർവ്വഹണം കൃഷി ഭവനുകളുമായി ചേർന്നു കൊണ്ട് നടപ്പാക്കുന്നത്.

ഒന്നാം ഘട്ടത്തിൽ 50.17 ലക്ഷം രൂപയും, രണ്ടാം ഘട്ടത്തിൽ 20.0085 ലക്ഷവും, മൂന്നാമത്തെ ഘട്ടത്തിൽ 6.25 ലക്ഷം രൂപയുമാണ് കേര ഗ്രാമം പദ്ധതിക്കായി അനുവദിക്കുക. ഒരു കേര ഗ്രാമത്തിന് 2000 രൂപ സബ്‌സിഡിയിൽ 61 തെങ്ങ് കയറ്റ യന്ത്രങ്ങൾ, മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിനായി ടാങ്കുകൾ, ജലസേചന ക്രമീകരണങ്ങൾക്കായുള്ള ഉപകരണങ്ങൾ, നാളികേരത്തിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള സൗകര്യം എന്നിങ്ങനെ കേര ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള നേട്ടങ്ങളും ഏറെയാണ്. പഞ്ചായത്ത്‌ തല കേര സമിതികൾക്ക് ഈ ഘടകങ്ങളിൽ ഏത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാം. ഒരു കേര ദിനം കൂടി കടന്നു പോകുമ്പോൾ നിലവിൽ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ വിജയത്തിന്റെ ചുവട് പിടിച്ചുകൊണ്ട് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് കൃഷി വകുപ്പ് നടപ്പാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →