ഗുവാഹത്തി: ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ ദേശീയോദ്യാനത്തിന്റെ പേരില്‍ നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വെട്ടിമാറ്റി അസം സർക്കാർ. അസമിലെ രാജീവ് ഗാന്ധി ഒറംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒംറഗ് ദേശീയോദ്യാനം എന്നാക്കി മാറ്റിയതായാണ് അസം സര്‍ക്കാര്‍ അറിയിച്ചത്. ബംഗാള്‍ കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നെന്ന നിലയില്‍ ലോകപ്രശസ്തമാണ് ഈ നാഷണല്‍ പാര്‍ക്ക്.
ദേശീയോദ്യാനത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി നിരവധി സംഘടനകള്‍ സമീപിച്ചെന്നും അതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നുമാണ് അസം സര്‍ക്കാരിന്റെ വാദം.
പ്രദേശത്തെ ഗോത്രവിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന പേര് ഒറംഗ് നാഷണല്‍ പാര്‍ക്കാക്കി മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
1985ലാണ് ഈ പ്രദേശത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. 1999ലാണ് ദേശീയോദ്യോനമെന്ന പദവിയിലേക്ക് ഉയര്‍ത്തിയത്.
1992ല്‍ വന്യജീവി സങ്കേതത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കിയിരുന്നെങ്കിലും 2001ല്‍ കോണ്‍ഗ്രസിന്റെ തരുണ്‍ ഗൊഗോയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന് പേര് നല്‍കിയത്.