കണ്ണൂർ: ഒരു കാരണവശാലും നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ലെന്നും നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വലിയ തോതില്‍ നെല്‍വയലുകള്‍ നികത്തുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നെല്‍വയലുകള്‍ നികത്തുന്നത് തടയാന്‍ പരിശോധന വ്യാപകമാക്കാനും മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ആറളം, പേരാവൂര്‍, കണിച്ചാര്‍ മേഖലകളിലെ പട്ടിക വര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഉടന്‍ യോഗം ചേരാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനകം പഠനോപകരണങ്ങള്‍ ലഭിച്ചവരുടെയും ഇനിയും ലഭിക്കാന്‍ ബാക്കിയുള്ളവരുടെയും കണക്കുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് അവലോകന യോഗം ചേരുക. കഴിഞ്ഞ ഡിഡിസി യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൈക്കൊണ്ട തീരുമാനങ്ങളും യോഗം വിലയിരുത്തി. വിമാനത്താവളം അനുബന്ധ റോഡുകളുടെ പ്രവൃത്തി വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.
സര്‍ക്കസ് കലാകാരന്മാര്‍ക്കുളള പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കായിക വകുപ്പിനെ അറിയിച്ചു. കിടപ്പിലായ അമ്പതോളം കലാകാരന്മാരുടെ പെന്‍ഷന്‍ മണിയോര്‍ഡര്‍ ആയി വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനും തീരുമാനമായി. വേങ്ങാട് സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നതിന് ഫാം സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ ആശുപത്രിയില്‍ അനുവദിച്ച സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ യോഗത്തില്‍ തീരുമാനമായി. അംബേദ്കര്‍ ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി പട്ടത്തു വയല്‍ എസ് ടി കോളനിയുടെ പ്രവൃത്തി ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനാവശ്യമായി വലിയ കല്ലുകള്‍ ഉടന്‍ ലഭ്യമാക്കുന്നതിനാനവശ്യമായ നടപടി സ്വീകരിക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പട്ടുവത്തെ മണ്ണിടിച്ചില്‍ രൂക്ഷമായ പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ തളിപ്പറമ്പ് താലൂക്ക് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടരമായ സാഹചര്യത്തില്‍ കഴിയുന്ന ആറ് കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ആരംഭിക്കാനും നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ഡോ. വി ശിവദാസന്‍ എം പി, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, ടി ഐ മധുസൂദനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, എം പിമാരുടെ പ്രതിനിധികള്‍, എഡിഎം കെ കെ ദിവാകരന്‍, ഡിപിഒ കെ പ്രകാശന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.