തിരുവനന്തപുരം: വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു

*ഉദ്ഘാടനം മുഖ്യമന്ത്രി ആഗസ്റ്റ് 28ന് നിർവഹിക്കും
തിരുവനന്തപുരം: വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പും കെ. എസ്. ആർ. ടി. സിയും സംയുക്തമായി സമുദ്ര എന്ന പേരിൽ സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 28ന് രാവിലെ 11.30ന് പാളയം മാർക്കറ്റിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, ജി. ആർ. അനിൽ എന്നിവർ പങ്കെടുക്കും. മത്‌സ്യത്തൊഴിലാളി സ്ത്രീകൾ വിപണനത്തിനായി പോകുമ്പോൾ നേരിടുന്ന യാത്രക്‌ളേശത്തിന് പരിഹാരം കാണുന്നതിനായാണ് പദ്ധതി ആരംഭിക്കുന്നത്. മൂന്ന് ലോഫ്‌ളോർ ബസുകളാണ് കെ. എസ്. ആർ. ടി. സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാർബറുകളിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതൽ 10 വരെയുള്ള സമയത്താണ് സർവീസുകൾ നടത്തുക. 24 പേർക്ക് ഒരു ബസിൽ യാത്ര ചെയ്യാൻ കഴിയും. മത്‌സ്യക്കൊട്ടകൾ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോൾ പ്‌ളാറ്റ്‌ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവർ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകൾ, മ്യൂസിക്ക് സിസ്റ്റം, റിയർ ക്യാമറ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →